തിരുവനന്തപുരം ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷണക്കേസിലെ പ്രതി അറസ്റ്റില്‍. വിരമിച്ച സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍നായരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് തന്നെ കേട്ടുകേള്‍വിയില്ലാത്ത മോഷണമാണ് തിരുവനന്തപുരം കലക്ട്രേറ്റിനുള്ളിലെ ആര്‍.ഡി.ഒ കോടതിയിലുണ്ടായത്.
2020-21 കാലത്ത് ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന സീനിയര്‍ സൂപ്രണ്ടാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പേരൂര്‍ക്കട പൊലീസിന്റെയും സബ് കലക്ടര്‍ എം.എസ്.മാധവിക്കുട്ടിയുടെ നേതൃത്വത്തിലെ ആഭ്യന്തര അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളില്‍ നിന്ന് 110 പവനോളം സ്വര്‍ണത്തിനും 120 ഗ്രാമിലേറെ വെള്ളിയ്ക്കും പുറമേ 47000 രൂപയും കോടതിയില്‍ നിന്ന് മോഷണം പോയിരുന്നു. 2010 മുതല്‍ 2019 വരെയുള്ള തൊണ്ടിമുതലുകളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്.
ഈ കാലയളവില്‍ 26 സീനിയര്‍ സൂപ്രണ്ടുമാര്‍ ജോലി നോക്കി. പക്ഷെ പല ഘട്ടങ്ങളിലല്ലാതെ, ഒറ്റയടിക്കാവാം മോഷണമെന്നാണ് പ്രാഥമിക നിഗമനം. അതിനാല്‍ 2019ന് ശേഷമാവാം അതെന്നും വിലയിരുത്തലില്‍ എത്തിയിരുന്നു.