സ്വര്‍ണക്കടത്ത് കേസില്‍ പിണറായി വിജയന് എതിരെയുള്ള സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. പിണറായി വിജയന് എതിരെ പ്രതീകാത്മക ലുക്കൗട്ട് നോട്ടീസുമായി മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസര്‍ഗോഡ് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു. കോഴിക്കോട് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
അതിനിടെയില്‍ കോട്ടയത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം നടത്തി. തുടര്‍ന്ന് രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റിഡിയില്‍ എടുത്തു. നാഗമ്പടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരിങ്കൊടി പ്രതിഷേധം നടത്തി. ഇവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയെ തുടര്‍ന്ന് കോട്ടയത്ത് വന്‍ സുരക്ഷാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി നിലവിലുള്ള സുരക്ഷയ്ക്ക് പുറമേ അധിക സുരക്ഷയ്ക്കായി നാല്‍പതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിച്ചത്. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ച് പേര്‍. രണ്ട് കമാന്‍ഡോ വാഹനത്തില്‍ 10 പേര്‍, ദ്രുത പരിശോധനാ സംഘത്തില്‍ എട്ടുപേര്‍ എന്നിങ്ങനെയായിരുന്നു സുരക്ഷ ഒരുക്കിയിരുന്നത്.
Read more
സമ്മേളനത്തില്‍ എത്തുന്ന മാധ്യമങ്ങള്‍ക്കുള്‍പ്പെടെ അസാധാരണ നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. മാധ്യമങ്ങള്‍ക്കായി പ്രത്യേകം പാസ് ഏര്‍പ്പെടുത്തിയിരുന്നു. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താനാണ് മാധ്യമങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നത്. കറുത്ത മാസ്‌ക് ധരിക്കരുതെന്നും നിര്‍ദ്ദേശിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്ന് പൊലീസ് അറിയിച്ചു. ബോംബ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.