'കൂകി വിളിച്ചതിലെ പ്രതികാരം'; താമരശേരിയിൽ പത്താം ക്ലാസ് വിദ്യാത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ കാരണം വ്യക്തമാക്കി പൊലീസ്

കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസ് വിദ്യാത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന് കാരണം പ്രതികാരമെന്ന് പൊലീസ്. ട്യൂഷൻ സെന്ററിലെ ‘ഫെയർവെൽ പാർട്ടി’ക്കിടെ കൂകി വിളിച്ചതിനല്ല പ്രതികാരത്തിന്റെ ഭാഗമായാണ് വീണ്ടും സംഘർഷം ഉണ്ടായത്. ഇതിലാണ് വട്ടോളി എംജെഎച്ച്എസ്എസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റത്. അതേസമയം സംഭവത്തിൽ നാല് വിദ്യാർത്ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

ട്യൂഷൻ സെന്ററിൽ ‘ഫെയർവെൽ പാർട്ടി’ക്കിടെ കൂകി വിളിച്ചതിന് പ്രതികാരം ചെയ്യാനാണ് എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നിച്ചത്. ഞായറാഴ്ചയാണ് പാർട്ടി നടന്നത്. പാർട്ടിയിൽ എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഡാൻസ് കളിച്ചു. ഡാൻസ് തീരുംമുമ്പ് പാട്ട് വെച്ച മൊബൈൽ ഫോൺ ഓഫായി. ഇതോടെ താമരശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇതിലുള്ള പകയാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് കസ്റ്റഡിയിലായ വിദ്യാർഥകൾ പൊലീസിനോട് പറഞ്ഞു.

വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയാണ് എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സംഘർഷം ആസൂത്രണം ചെയ്തത്. താമരശേരി സ്കൂളിലെ കുട്ടികളെ നേരിടാനായി ട്യൂഷൻ സെന്ററിൽ പഠിക്കാത്ത മുഹമ്മദ് ഷഹബാസിനെ സുഹൃത്തുക്കൾ വിളിച്ചുവരുത്തി. വിദ്യാർത്ഥികളുടെ കൈവശം നഞ്ചക്ക്, ഇടിവള എന്നിവ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, സംഘർഷത്തിൽ പരുക്കേറ്റ ഷഹബാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തലച്ചോറിന് 70% ക്ഷതമേറ്റ കുട്ടി കോമയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികൾ ഏറ്റുമുട്ടിയത്. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ “ഫെയർ വെൽ” പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. പിന്നാലെ ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായി ഇന്നലെയും വിദ്യാർത്ഥികൾ ഏറ്റുമുട്ടി. തുടർന്നാണ് എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ മുഹമ്മദ് ഷഹബാസിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റത്. താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപത്ത് വെച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.

Read more