മുട്ടില്‍ മരംമുറിക്കലില്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ റവന്യു ഉദ്യോഗസ്ഥയ്ക്കെതിരെ സർക്കാരിൻറെ പ്രതികാര നടപടി. റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയെ സ്ഥലംമാറ്റി. സെക്രട്ടേറിയറ്റിന് പുറത്ത് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലേക്കാണ് ശാലിനിയെ മാറ്റിയത്.
ഒ.ജി. ശാലിനിയെ റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പൊതുവിദ്യാഭാസ ഡയറക്ട്രേറ്റിലെ ഹയര്‍സെക്കൻഡറി വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടറായാണ് മാറ്റിയിരിക്കുന്നത്. ഡെപ്യൂട്ടേഷനില്‍ ഒരു വര്‍ഷത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഈ തസ്തികയില്‍ ജോലി ചെയ്തിരുന്ന ബിന്ദു ആര്‍.ആറിനെ റവന്യൂ വകുപ്പിലേക്ക് മാറ്റിയിട്ടുമുണ്ട്.
നേരത്തെ ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി റദ്ദാക്കുകയും കഴിഞ്ഞ ദിവസം ഈ നടപടി തിരുത്തുകയും ചെയ്തിരുന്നു. നടപടി വിവാദമായതോടെയായിരുന്നു ജയതിലക് ഐഎഎസ് ഇറക്കിയ ഉത്തരവ് തിങ്കളാഴ്ച തിരുത്തിയത്. ശാലിനിക്ക് ഗുഡ് സര്‍വീസ് എന്‍ട്രിക് യോഗ്യതയില്ലെന്ന തന്റെ കാഴ്ചപ്പാടും ജയതിലക് പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് മാസത്തെ നിര്‍ബന്ധിത അവധിയില്‍ പോകാനും നേരത്തെ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട രേഖകളാണ് നിയമപ്രകാരം ഒ ജി ശാലിനി കൈമാറിയത്. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിച്ചത് വിവരാവകാശ ലംഘനമാണെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ പ്രാണകുമാര്‍ രംഗത്തെത്തിയിരുന്നു.