കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വിപ്ലവ ഗാനം പാടിയ സംഭവത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. അഡ്വ.വിഷ്ണു സുനിൽ പന്തളമാണ് ഹർജിക്കാരൻ. വിപ്ലവഗാനം ഉത്സവ ചടങ്ങിന്‍റെ പവിത്രത കളങ്കപ്പെടുത്തിയെന്ന് ഹർജിയിൽ പറയുന്നു. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കടയ്ക്കൽ ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിർദേശം നൽകണമെന്നും ഹര്‍ജിയില്‍ പറയുന്നു. സംഗീത പരിപാടിയ്ക്കിടെയായിരുന്നു വിപ്ലവ ഗാനവും കൊടി പ്രദർശിപ്പിക്കലും. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗം ഇതുമായിബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരുന്നു. ക്ഷേത്രത്തിലെ സംഗീത പരിപാടിയില്‍ സിപിഐഎമ്മിന്റെ പ്രചാരണഗാനങ്ങളും വിപ്ലവഗാനങ്ങളും പാടിയതിനെതിരെ വലിയതോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
അതേസമയം, സംഭവത്തിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടും കോടതിയിൽ ഹർജിയുണ്ട്. മരട് സ്വദേശി എൻ.പ്രകാശാണ് ഹർജിക്കാരൻ. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി,ക്ഷേത്രോൽസവ സമിതി ഭാരവാഹിയടക്കമുള്ളവരാണ് എതിർകക്ഷികൾ. കടയ്ക്കൽ ക്ഷേത്രത്തിൽ നടന്നത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹർജിക്കാരൻ വ്യക്തമാക്കുന്നു.