ലൈംഗിക പീഡനം ഉൾപ്പെടെയുള്ള അതിക്രമങ്ങൾ നടത്തി, പ്രവീണിനെ റിഷാന ദയയില്ലാതെ ഉപദ്രവിച്ചിരുന്നു; ആരോപണവുമായി സഹയാത്രിക

ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ മരണത്തിൽ ഗുരുതരമായ വെളിപ്പെടുത്തലുമായി സഹയാത്രിക കൂട്ടായ്മ. പ്രവീണിന്റെ പങ്കാളിയായിരുന്ന റിഷാനയ്ക്കെതിരെയാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ  ഉന്നമനത്തിനായുള്ള സംഘടനയായ സഹയാത്രിക ആരോപണം ഉയർത്തിയിരിക്കുന്നത്. കൂട്ടായ്മയുടെ  ഫെയ്സ്ബുക്ക് പേജിലാണ് ആരോപണം .വിവാഹത്തിന് മുമ്പും ശേഷവും താൻ  അനുഭവിച്ച് പീഡനത്തെ പറ്റി സഹയാത്രികയിൽ ഉള്ളവരോട് പ്രവീൺ തുറന്ന് പറഞ്ഞിട്ടുണ്ട്.

മരിക്കുന്നതിന് മുൻപ്  ഉള്ള ഒരു മാസം. പ്രവീൺ വളരെ ദുർബലമായ മാനസികാവസ്ഥയിലൂടെ  ആണ് കടന്നു പോയത്.  പ്രവീൺ തന്റെ പങ്കാളിയിൽ നിന്ന്  അനുഭവിച്ച ശാരീരീകവും മാനസികവും ലൈംഗികവും ആയ അതിക്രമങ്ങൾ റിഷാനയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അടിവയറ്റിൽ ചവിട്ടുകയും,ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയും ചെയ്തിരുന്നു. റിഷാനക്കെതിരെ പോലീസിൽ പരാതി പറയുവാനും പ്രവീൺ വിസമ്മതിച്ചിരുന്നു.

കത്തികൊണ്ട് മുറിപ്പെടുത്തൽ, ശ്വാസം മുട്ടിക്കാൻ ശ്രമിക്കൽ, ബന്ധനസ്ഥനാക്കൽ, ലൈംഗിക പീഡനം, ഒരു ട്രാൻസ് മാൻ എന്ന രീതിയിൽ അപമാനിക്കുന്ന വീഡിയോ എടുത്ത് അത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന ഭീഷണി തുടങ്ങിയവയും റിഷാന ചെയ്തിരുന്നു.പൊലിസ് റിപ്പോർട്ട് ഉണ്ടായാൽ റിഷാനയുടെ ആളുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെകുറിച്ച് തനിക്കു ഭയമാണ് എന്നാണ് പ്രവീൺ പറഞ്ഞതെന്നും സഹയാത്രിക  ഫെയ്സ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.

മെയ് നാലിനായിരുന്നു ബോഡിബിൽഡർ കൂടിയായ ട്രാൻസ്മാൻ പ്രവീൺ നാഥിനെ തൃശൂരിലെ വാടകവീട്ടിൽ വിഷാംശം  ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവീൺ 2021 ലെ മിസ്റ്റർ കേരള മത്സരത്തിൽ ട്രാൻസ് ജെൻഡർ വിഭാഗത്തിൽ ജേതാവായിരുന്നു.

Read more