'വൈറ്റ് ഗാർഡിന്റെ പരാതി പരിശോധിക്കും'; സംഘടനകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതില്‍ തടസമില്ലെന്ന് മുഹമ്മദ് റിയാസ്

ദുരന്ത ബാധിത പ്രദേശത്ത് ഭക്ഷണം വിതരണം ചെയ്യുന്നതില്‍ തടസമില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംഘടനകള്‍ക്ക് ഭക്ഷണ വിതരണത്തിന് തടസമില്ല. അതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും മന്ത്രി പറഞ്ഞു. വൈറ്റ് ഗാർഡിന്റെ പരാതി പരിശോധിക്കും. ഭക്ഷണം പരിശോധിച്ച് കൊടുക്കണം എന്നതില്‍ തര്‍ക്കമില്ല. വിതരണം ചെയ്യുന്നവരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.

‘കേരളത്തില്‍ എല്ലാം ജനകീയമാണ്. വളരെ ആത്മാര്‍ത്ഥമായി പാചകം ചെയ്ത് ഭക്ഷണം വിതരണം ചെയ്യുന്നവരുണ്ട്. അവരെയെല്ലാം ബഹുമാനിക്കുന്നു. അവര്‍ ചെയ്തതൊന്നും ചെറുതായി ആരും കാണുന്നില്ല. എന്നാല്‍, ഭക്ഷണം കഴിച്ചിട്ട് ചില പ്രയാസങ്ങള്‍ നേരിട്ടവരുണ്ട്. സൈനികര്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിലെ ആളുകള്‍ക്ക് അങ്ങനെ ആവുമ്പോള്‍ ബുദ്ധിമുട്ടാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. ഭക്ഷണം നല്‍കുന്നതിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടത്തുന്നുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ട്. അതിലൊരു ശ്രദ്ധവേണം’, പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

Read more

കഴിഞ്ഞ ദിവസം ഭക്ഷണവുമായി പോകുമ്പോള്‍ പൊലീസ് തടഞ്ഞെന്ന ആരോപണം വൈറ്റ് ഗാര്‍ഡ് ഉയര്‍ത്തിയിരുന്നു. ഇതിലാണ് മന്ത്രിയുടെ പ്രതികരണം. ദുരിതമനുഭവിക്കുന്നവർക്കും രക്ഷാപ്രവർത്തകർക്കും കഴിഞ്ഞ നാല് ദിവസമായി ഭക്ഷണ വിതരണം നടത്തുകയായിരുന്നു മുസ്‍ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡ്. എന്നാൽ ഇവരുടെ ഭക്ഷണ വിതരണം നിർത്തണമെന്ന നിർദ്ദേശം പൊലീസ് നൽകുക ആയിരുന്നു. നിങ്ങളുടെ സേവനം ഇവിടെ ആവശ്യമില്ലെന്നും നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കില്‍ ഇവിടെ ഒരു ചുക്കുമില്ലെന്നും ഡിഐജി തോംസണ്‍ ജോസ് പറഞ്ഞതായായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വ്യക്തമാഖ്യാതി. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനവും ഉയർന്നിരുന്നു.