ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം; സംസ്ഥാന പൊലീസ് മേധാവിയോട് പട്ടികജാതിപട്ടികവര്‍ഗ കമീഷന്‍

ആര്‍എല്‍വി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശം അന്വേഷിക്കണമെന്ന് പട്ടികജാതിപട്ടികവര്‍ഗ കമീഷന്‍. അന്വേഷണം നടത്തി പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപി അനില്‍കാന്തിന് കമീഷന്‍ നിര്‍ദേശം നല്‍കിയത്.

ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാമകൃഷ്ണനെ സത്യഭാമ അധിക്ഷേപിച്ചത്. കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടംകളിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്നുമൊക്കെയായിരുന്നു സത്യഭാമയുടെ വിവാദ പരാമര്‍ശം. ഇതിനു ശേഷവും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പറഞ്ഞ സത്യഭാമ മാധ്യമങ്ങള്‍ക്ക് മുമ്പിലും അധിക്ഷേപം തുടര്‍ന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

അതേസമയം, കറുത്ത നിറമുള്ള കലാകാരന്മാര്‍ക്കെതിരെ ജാതീയമായി സാമൂഹ്യ മാധ്യമത്തില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് കലാമണ്ഡലം സത്യഭാമക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ നിര്‍ദേശം നല്‍കി.