Connect with us

KERALA

എ കെ ജി സെന്ററില്‍ വീണ്ടും പ്രതിഷേധം;ജീവിക്കാനനുവദിക്കണമെന്ന് കെ.കെ രമ, പാര്‍ട്ടികേന്ദ്ര നേതൃത്വം സമ്മര്‍ദ്ദത്തില്‍

, 10:58 am

ആര്‍എംപിക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്ന സിപിഐഎമ്മിനെതിരെ പ്രതിഷേധവുമായി കെ.കെ രമ ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തുന്നു. ഡല്‍ഹി എകെജി സെന്ററിനു മുമ്പിലാണ് കെ.കെ രമ ധര്‍ണ്ണ നടത്തുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് വടകര വള്ളിക്കാടുള്ള ആര്‍എംപി ഓഫീസ് സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. ആര്‍എംപി- സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും പ്രദേശത്ത് നടന്നിരുന്നു. ആര്‍എംപിക്കുനേരെ സിപിഐഎം തുടര്‍ച്ചയായി നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ.

കേരളത്തില്‍ സിപിഐഎമ്മിന്റെ ഭീകരതയാണ് നടക്കുന്നതെന്നും, ഇക്കാര്യങ്ങളെല്ലാം എകെജി സെന്ററിലിരിക്കുന്ന പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും അറിയിക്കുവാനാണ് ധര്‍ണ്ണ നടത്തുന്നതെന്നും കെകെ രമ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ വധത്തെ തുടര്‍ന്ന് എന്‍ എസ് യു പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം എകെജി സെന്ററില്‍ പ്രകടനം നടത്തിയിരുന്നു. കേരളത്തില്‍ രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ സിപിഐ എം ശ്രമിക്കുകയാണെന്നും ഇതിന് അറുതിവരുത്താന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെടണമെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. തുടര്‍ച്ചയായി നടക്കുന്ന അക്രമത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധ ക്ഷണിക്കുക വഴി പാര്‍ട്ടിയേയും സംസ്ഥാന സര്‍ക്കാരിനേയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് ആര്‍ എം പി ലക്ഷ്യം.

നേരത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡെല്‍ഹിയിലെ ബിജെപി പ്രവര്‍ത്തകരും ഇതേ വഴി സ്വീകരിച്ചിരുന്നു. ശുഹൈബിന്റെ വധത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കെ സുധാകരന്‍ നിരാഹാര സമരത്തിലാണ്. കണ്ണൂരില്‍ മന്ത്രി എ കെ ബാലന്‍ സമാധാന സമ്മേളനം വിളിച്ച അതേ ദിവസം തന്നെയാണ് കെ കെ രമയുടെ നേതൃത്വത്തില്‍ എകെജി സെന്ററിലേക്ക് പ്രകടനം നടത്തിയതെന്നതും ശ്രദ്ധേയമാണ്.