സംസ്ഥാനത്ത് മെയ് രണ്ട് മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. റോഡ് ടെസ്റ്റിന് മുന്‍പായി നടത്തിയിരുന്ന എച്ച് ടെസ്റ്റ് മെയ് രണ്ട് മുതല്‍ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും. നിലവിലെ റോഡ് ടെസ്റ്റില്‍ നിന്ന് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ രീതിയിലേക്ക് മാറുന്നത്.
പ്രതിദിനം 30 പേര്‍ക്ക് മാത്രം ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്ന ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശത്തിലും ഇളവ് വരുത്തിയിട്ടുണ്ട്. പ്രതിദിനം 60 ലൈസന്‍സുകള്‍ വരെ അനുവദിക്കാന്‍ തീരുമാനമായിട്ടുണ്ട്. കെബി ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനത്തെത്തിയതിന് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകളില്‍ ലൈസന്‍സ് ടെസ്റ്റുകള്‍ നടത്തുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ പുതിയ ട്രാക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് എച്ച് ടെസ്റ്റിന് മുന്‍പായി റോഡ് ടെസ്റ്റ് നടത്താന്‍ തീരുമാനമായത്. ടെസ്റ്റിലെ മാറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
നിലവില്‍ പ്രതിദിനം അനുവദിക്കുന്ന 60 ലൈസന്‍സുകളില്‍ 40 എണ്ണം ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്കും, 20 എണ്ണം പരാജയപ്പെട്ടവര്‍ക്കുള്ള അവസരവുമാണ്. പ്രതിദിനം 100ല്‍ കൂടുതല്‍ ലൈസന്‍സുകള്‍ അനുവദിച്ച ഉദ്യോഗസ്ഥര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പരസ്യ പരീക്ഷയും നടത്തി.