ഇന്ധന സെസ് തിരിച്ചടി; കെ.എസ്.ആര്‍.ടി.സിക്ക് ചെലവ് കൂടുമെന്ന് മന്ത്രി; എല്ലാ സ്വകാര്യ ദീര്‍ഘദൂര ബസുകളുടെയും റൂട്ടുകളില്‍ 'അള്ളു'വെയ്ക്കാന്‍ ആനവണ്ടി

കേരള ബജറ്റില്‍ പ്രഖ്യാപിച്ച അധിക ഇന്ധന സെസ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സെസ് വര്‍ദ്ധിച്ചാല്‍ ചെലവ് കൂടും, ഇതു കെഎസ്ആര്‍ടിസിക്ക് താങ്ങാനാവില്ല. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇന്ധന നികുതിയില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് അധിക തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും കോര്‍പ്പറേഷന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

അതേസമയം, സ്വകാര്യ ദീര്‍ഘദൂര സൂപ്പര്‍ക്ലാസ് ബസുകള്‍ അതിവേഗത്തില്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്ത് തുടങ്ങി.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്ന് കാസര്‍കോട്ടെ മലയോര കുടിയേറ്റ മേഖലകളിലേക്ക് ഉണ്ടായിരുന്ന 14 ദീര്‍ഘദൂര സ്വകാര്യ ബസുകളും കഴിഞ്ഞ ഒരാഴ്ചക്കിടെ ഏറ്റെടുത്തിരുന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2013-14 കാലഘട്ടത്തില്‍ യു.ഡി.എഫ് സര്‍ക്കാറാണ് സ്വകാര്യ സൂപ്പര്‍ക്ലാസ് സര്‍വിസുകള്‍ ഏറ്റെടുത്തത്. എന്നാല്‍, മിക്ക സര്‍വീസുകളും നിലനിര്‍ത്താന്‍ സ്വകാര്യ ബസ് ലോബിക്കു സാധിച്ചിരുന്നു. ഒരു ഘട്ടത്തില്‍ 140 കിലോമീറ്ററിനു മുകളില്‍ റൂട്ട് ദൂരമുണ്ടായിരുന്ന സ്വകാര്യ മലബാര്‍ സര്‍വിസുകള്‍ ലിമിറ്റഡ് ഓര്‍ഡിനറിയായി ഓടിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നിയമവിരുദ്ധ ഉത്തരവിറക്കിയെങ്കിലും ഹൈകോടതി ദിവസങ്ങള്‍ക്കകം ഉത്തരവ് റദ്ദാക്കി.

എന്നിട്ടും ചില സ്വകാര്യ ബസുകള്‍ പെര്‍മിറ്റില്ലാതെ സര്‍വീസ് തുടര്‍ന്നു. ഇടുക്കിയിലെ യാത്രക്ലേശം ചൂണ്ടിക്കാട്ടി 2022 ഒക്ടോബറില്‍ 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ സ്വകാര്യ പെര്‍മിറ്റ് നല്‍കാന്‍ ഗതാഗതമന്ത്രി ഉത്തരവിട്ടിരുന്നു.

Read more

ഇത് വിവാദമായതോടെ ശബരിമല സീസണ്‍ കഴിഞ്ഞാല്‍ 140 കിലോമീറ്ററിനു മുകളില്‍ കൊടുത്ത താല്‍ക്കാലിക പെര്‍മിറ്റുകള്‍ റദ്ദാക്കുമെന്നും 2023 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇവ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കുമെന്നും ഗതാഗത മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.