ഗുരുവായൂരില്‍ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്നാട് സ്വദേശിയാണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ നാട്ടിലെത്തിക്കും. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
പ്രവാസിയായ സ്വര്‍ണ വ്യാപാരി കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് ഈ മാസം 12ന് മൂന്നു കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് മോഷണം പോയത്. പുഴയ്ക്കല്‍ ശോഭാ സിറ്റി മാളില്‍ സിനിമാ കാണാന്‍ പോയിരുന്ന ബാലനും കുടുംബവും തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ചനിലയില്‍ കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായും സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായും കണ്ടെത്തിയത്.
അലമാരയില്‍ ബാറുകളായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. 120 ഗ്രാം, 100 ഗ്രാം തൂക്കമുള്ള മൂന്ന് സ്വര്‍ണക്കട്ടി, 40 പവന്‍ വരുന്ന സ്വര്‍ണാഭരണം എന്നിവയാണ് മോഷ്ടിച്ചത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഏകദേശം ഒന്നരക്കോടി രൂപയാണ് വില. പ്രതിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.