മൂന്നരക്കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി കവർച്ച ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയ കോഴിക്കോട്ടെ അബ്കാരി ധർമ്മരാജൻ ആർ.എസ്.എസ് പ്രവർത്തകനാണെന്ന് തൃശൂർ റൂറൽ എസ്.പി പൂങ്കുഴലി പറഞ്ഞു. ദേശീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവിനെത്തിച്ച കുഴൽപ്പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
പരാതിയിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ കൂടുതൽ പണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എത്ര പണം ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് വഴി ഇക്കാര്യം തെളിയിക്കാൻ കഴിയുമെന്നും എസ്.പി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കവർച്ചാകേസിൽ ഇന്ന് ഒരാൾ കൂടി പൊലീസ് പിടിയിലായി. ഷുക്കൂർ എന്ന ആളാണ് പിടിയിലായത്. ഇയാളിൽ നിന്ന് 30,000 രൂപ കണ്ടെത്തിയിട്ടുണ്ട്. അഞ്ചു പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട്, കണ്ണൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
കാറുകളിലെത്തിയ സംഘം അപകടമുണ്ടാക്കി 25 ലക്ഷം രൂപ കവർന്നു എന്നായിരുന്നു ധർമരാജന്റെ ഡ്രൈവർ ഷംജീറിന്റെ പരാതി. ഇതിൽ 23.34 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെടുത്തു. കേസിലെ ഒമ്പതാം പ്രതി വെളൂക്കര കോണത്തുകുന്ന് തോപ്പിൽ വീട്ടിൽ ബാബുവിന്റെ വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഇതിന് പുറമേ മൂന്ന് പവന്റെ സ്വർണാഭരണവും കേരള ബാങ്കിൽ ആറുലക്ഷം രൂപ വായ്പ തിരിച്ചടച്ചതിന്റെ രസീതും പൊലീസ് കണ്ടെത്തി.
അതിനിടെ, കാറിൽ പണവുമായി പോകുന്ന വിവരം കവർച്ചാസംഘത്തിന് ചോർത്തി കൊടുത്തത് ഷംജീറിന്റെ സഹായി റഷീദാണെന്ന് അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. ഷംജീറിനെയും റഷീദിനെയും കേസിൽ പ്രതി ചേർത്തേക്കും. ഒളിവിൽ പോയ റഷീദിനായി തിരച്ചിൽ തുടരുകയാണ്.
അതേസമയം, ദേശീയ പാർട്ടിയെ നിയന്ത്രിക്കുന്ന സംഘടനയുടെ അന്വേഷണത്തിൽ സംഭവത്തിൽ സംസ്ഥാന നേതാവിന് പങ്കുള്ളതായി സൂചന ലഭിച്ചു. തുടർന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് നേതൃത്വം.
Read more
സംഭവമുണ്ടായ ഉടൻ ആദ്യം വിളി പോയത് ഈ നേതാവിന്റെ ഫോണിലേക്കായിരുന്നു. ഈ കാൾ ലിസ്റ്റ് പൊലീസിനും ലഭിച്ചിട്ടുണ്ട്. നാല് ദിവസമായി ഇദ്ദേഹത്തെ വിളിച്ചിട്ട് കിട്ടുന്നില്ലത്രേ. പിടിയിലാവാനുള്ള മൂന്ന് പേരെകൂടി കിട്ടിയാലേ രാഷ്ട്രീയ ബന്ധം ഉൾപ്പെടെ അറിയാനാവൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.