മോട്ടോർ വാഹന വകുപ്പ് പിടികൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന റോബിൻ ബസ് വീണ്ടും നിരത്തിലേക്ക്. നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത ബസ് കോടതി ഉത്തരവിലൂടെ ഉടമ പുറത്തിറക്കി. നേരത്തെ ഓടിയ പോലെ തന്നെ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് വീണ്ടും ബസ് സർവീസ് തുടങ്ങും.
എന്നാൽ ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓരോ സ്റ്റോപ്പിലും ആളെ കയറ്റി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. നേരത്തെ ഓടിയ പോലെ തന്നെ ബസ് സര്‍വീസ് തുടരുമെന്ന് ഉടമ ഗിരീഷും നിയമലംഘനം തുടര്‍ന്നാല്‍ പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പും വ്യക്തമാക്കിയതോടെ വീണ്ടും റോഡില്‍ തുറന്ന പോരിനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് അന്തർ സംസ്ഥാന സര്‍വീസ് നടത്തുന്നതിനിടെ റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട് ബസ് എആർ ക്യാമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ബസ് എആര്‍ ക്യാമ്പിലാണ് ഉണ്ടായിരുന്നത്. കോടതിയില്‍ നിന്ന് ബസ് ജാമ്യത്തിലെടുത്ത് ഇന്നലെ രാത്രിയാണ് ഉടമ ഗിരീഷ് ബസ് പുറത്തിറക്കിയത്.
കേന്ദ്ര നിയമപ്രകാരം ഇന്ത്യയിലെവിടെയും സർവീസ് നടത്താൻ അനുമതിയുണ്ടെന്നും സുപ്രീംകോടതിയുടെ പരിരക്ഷയുണ്ടെന്നുമാണ് ഗിരീഷ് പറയുന്നത്. നിയമലംഘനത്തിന് പിഴ അടക്കണമെന്ന ഉറച്ച നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. എന്നാല്‍, തെറ്റ് ചെയ്താല്‍ അല്ലെ പിഴ അടക്കേണ്ടതുള്ളുവെന്നും നിയമപ്രകാരമാണ് ബസ് സര്‍വീസ് നടത്തിയതെന്നും ഗിരീഷ് പറയുന്നു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സര്‍വീസ് ആരംഭിക്കാനാകുമെന്നണ് ഉടമ അറിയിക്കുന്നത്.