തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനല്‍കി. പെർമിറ്റ് ലംഘനത്തിന് 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ്, ഉടമയായ ഗിരീഷിന് അധികൃതര്‍ വിട്ടുനൽകിയത്. കോയമ്പത്തൂർ സെൻട്രൽ ആര്‍ടിഒയുടെതായിരുന്നു നടപടി.
അതേസമയം, റോബിൻ ബസ് ഇന്ന് മുതൽ സാധാരണ പോലെ സർവീസ് നടത്തുമെന്ന് ഉടമ അറിയിച്ചു. വൈകിട്ട് 5 മണി മുതൽ കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുമെന്നാണ് ഗിരീഷ് അറിയിച്ചത്.
രണ്ടാംദിനം സർവീസിന് ഇറങ്ങിയ റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് റോബിൻ ബസിനെ പിടികൂടിയത്. കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ ബസ് വാളയാര്‍ അതിര്‍ത്തി കടന്നപ്പോഴാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.
കസ്റ്റഡിയിലെടുത്ത ബസ് യാത്രക്കാർ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ ഗാന്ധിപുരം സെൻട്രൽ ഓഫീസിലേക്ക് മാറ്റുകയും ചെയ്തു. ബസിലെ യാത്രക്കാരെ അന്ന് രാത്രിയോടെ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു. വാളയാർ അതിർത്തി വരെ തമിഴ്നാട് ആർടിസി ബസിലും ഇതിന് ശേഷം ബസുടമയും വാഹനം ഏർപ്പാട് ചെയ്തിരുന്നു.