സിഎംആർഎല്ലിൽ 103 കോടി രൂപയുടെ ക്രമക്കേടെന്ന് റജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ റിപ്പോർട്ട്. ഇല്ലാത്ത ചെലവുകളുടെ പേരിൽ 103 കോടി രൂപ കണക്കിൽ കാണിച്ചുവെന്ന് ആദായ നികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ തൽസ്‌ഥിതി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹർജിയിലാണ് മറുപടി.
സിഎംആർഎല്ലിൽ കണ്ടെത്തിയത് 103 കോടിയുടെ കൃത്രിമ ഇടപാടുകളാണ്. വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാട്ടുകയായിരുന്നു എന്ന് ആദായനികുതി വകുപ്പ് കോടതിയെ അറിയിച്ചു. 2012 മുതൽ 2019 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്. ചെളി നീക്കൽ, ഗതാഗത ചെലവുകൾ എന്നീ ഇനങ്ങളിലാണ് ഇത്രയും തുക എഴുതിച്ചേർത്തിട്ടുള്ളത്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം മാത്രമാണ് എസ്എഫ്ഐഒ നടത്തുന്നതെന്നും പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുന്ന കാര്യം അന്വേഷണത്തിന് ശേഷമേ തീരുമാനിക്കൂവെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു.