പമ്പ ഹില്‍ടോപ്പില്‍നിന്ന് സന്നിധാനത്തേക്ക് റോപ്വേ; ഭക്തര്‍ക്കായി സര്‍ക്കാരിന്റെ പുതിയ പദ്ധതി; അന്തിമാനുമതി ഉടനെന്ന് ദേവസ്വം മന്ത്രി

പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ള റോപ്വേ സംവിധാനത്തിന് ഉടന്‍ അനുമതി ലഭിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഇത് സംബന്ധിച്ച നിയമ നടപടികളെല്ലാം പൂര്‍ത്തിയായി. അന്തിമാനുമതി ഉടന്‍ ഉണ്ടാകും. പമ്പ ഹില്‍ടോപ്പില്‍നിന്ന് സന്നിധാനത്തേക്ക് 2.7 കി.മീറ്റര്‍ വരുന്നതാണ് റോപ്വേ.

പരാതിരഹിതമായ തീര്‍ഥാടന കാലമാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ലക്ഷ്യമിടുന്നത്. മുന്‍കൂട്ടി തന്നെ അവലോകനയോഗങ്ങള്‍ തുടങ്ങി മുന്നൊരുക്കങ്ങള്‍ നടത്തും. ഒരാഴ്ചക്കുള്ളില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വകുപ്പ് മേധാവികളുടെയും യോഗം ചേരും. തുടര്‍ന്ന് ജനപ്രതിനിധികളുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗവും നടക്കും.

വാഹന പാര്‍ക്കിങ്ങിന് നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യം ഒരുക്കും. നിലവില്‍ എണ്ണായിരം വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാം. രണ്ടായിരം വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യുന്നതിന് സംവിധാനമൊരുക്കും. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.