കുട്ടനാട്ടിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അധികാരം ജോസ് കെ. മാണിക്ക് ആണെന്ന് കേരള കോൺഗ്രസ് എം നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ. കുട്ടനാട്ട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനു വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ. പാർട്ടിയും പാർട്ടി ചിഹ്നവും ജോസ് വിഭാഗത്തിന്റേതാണ്. പി ജെ ജോസഫ് യഥാർത്ഥ്യം മനസ്സിലാക്കി സംസാരിക്കണമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ജോസഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും റോഷി അഗസ്റ്റിൻ ആരോപിച്ചു
“കുട്ടനാട് സീറ്റ് സംബന്ധിച്ച് മുന്നണിയിൽ ധാരണയായതാണ്. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്കെതിരെ അപ്പീൽ നൽകും. പാർട്ടി ചെയർമാൻ എന്ന നിലയിൽ ജോസ് സ്റ്റീയറിംഗ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാ” ണെന്നും പി ജെ ജോസഫ്, ആരോപിച്ചു.
അതേസമയം, ജോസ് കെ മാണിയെ തിരികെ കൊണ്ടു വരാനുള്ള യുഡിഎഫ് നീക്കത്തിൽ കടുത്ത എതിർപ്പ് അറിയിച്ചിരിക്കുകയാണ് പി ജെ ജോസഫ്. ജോസ് വിഭാഗത്തെ തിരികെയെടുത്താൽ മുന്നണി വിടുമെന്ന് ജോസഫ് കോൺഗ്രസ് നേതാക്കളെ കണ്ട് മുന്നറിയിപ്പ് നൽകി. മുന്നണികള്‍ തങ്ങളെ ക്ഷണിക്കുന്നതിൽ ജോസഫിന് ഹാലിളകിയെന്നാണ് ഇതിനോട് ജോസ് പക്ഷം തിരിച്ചടിച്ചത്.