‘ഓപ്പറേഷന്‍ അരികൊമ്പന്‍’ ഹൈക്കോടതി തടഞ്ഞതില്‍ ജനരോക്ഷം. ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ എന്നിവിടങ്ങളില്‍ ഭീതി വിതച്ച അരികൊമ്പനെ പൂട്ടാന്‍ രണ്ടു നാളുകള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഹൈക്കോടതി ദൗത്യം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടത്.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ഇന്ന് കോട്ടയത്ത് ചേരും. ഹൈക്കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചാകും പ്രധാന ചര്‍ച്ച.
ആനയ്ക്ക് റേഡിയോ കോളര്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്‌തോ എന്ന് ചോദിച്ചാണ് കോടതി ആനയെ പിടികൂടുന്നത് 29 വരെ തടഞ്ഞത്. ജനങ്ങളുടെ ഇടയില്‍ നില നില്‍ക്കുന്ന പ്രതിഷേധമടക്കം പരിഗണിച്ചാവും സര്‍ക്കാരും വനം വകുപ്പും തുടര്‍ നിലപാട് കൈക്കൊള്ളുക.
കഴിഞ്ഞ രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാര്‍ച്ച് 29 വരെ ദൗത്യം നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. കോളര്‍ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ ആനയെ പിടികൂടുക എന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്ന് കോടതി ചോദിച്ചു.
പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവിട്ടത്. 29 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. അതേസമയം, നടപടികള്‍ ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തില്‍ വയനാട്ടില്‍ നിന്ന് മറ്റു രണ്ട് കുങ്കിയാനകളെ കൊണ്ടുവരുന്നതും നീട്ടി.