മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽക്കുളത്തിന്റെ പരിപാലനത്തിനായി വീണ്ടും പണം അനുവദിച്ചു. നാലര ലക്ഷം രൂപയാണ് അനുവദിച്ചത്. നീന്തൽ കുളത്തിൻ്റെ ആറാംഘട്ട പരിപാലനമാണ് നടക്കുന്നത്. നീന്തൽ കുളം നവീകരിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഇതുവരെ അരക്കോടിയിലേറെ രൂപയാണ് അനുവദിച്ചത്.
ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നീന്തൽ കുളത്തിൻ്റെ പരിപാലനത്തിനായി കരാർ നൽകിയിരിക്കുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 മേയ് മുതൽ 2022 നവംബർവരെ മാത്രം ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിൻ്റെ നവീകരണത്തിനും പരിപാലനത്തിനുമായി 31,92, 360 രൂപയാണ് ചെലവിട്ടത്.
മുൻപ് ക്ലിഫ് ഹൗസിൽ ചുറ്റുമതിലും കാലിത്തൊഴുത്തും നിർമ്മിക്കുന്നതിന് 42.90 ലക്ഷം രൂപ അനുവദിച്ചത് വലിയ വിവാദമായിരുന്നു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് പുതിയ ചുറ്റുമതിലിന് പദ്ധതി തയ്യാറാക്കിയത്. കാലപ്പഴക്കമുള്ല തൊഴുത്തും അപകടാവസ്ഥയിലാണെന്നായിരുന്നു കണ്ടെത്തൽ.
Read more
ക്ലിഫ് ഹൗസിൽ മൂന്ന് നിലവരെ പോകുന്നതിനുള്ല ലിഫ്റ്റ് സ്ഥാപിക്കുന്നതിന് പണം അനുവദിച്ചതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. 25.50 ലക്ഷം രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമായിരുന്നു ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ല തീരുമാനം കൈക്കണ്ടത്. ക്ലിഫ് ഹൗസിൽ ആദ്യമായാണ് ലിഫ്റ്റ് സ്ഥാപിച്ചത്. ലിഫ്റ്റിൻ്റെ പുറക് വശത്ത് നീന്തൽക്കുളമാണ്.