കൊല്ലം കോട്ടുക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കോട്ടുക്കല്‍ മഞ്ഞിപ്പുഴ ദേവസ്വം ക്ഷേത്രത്തിലാണ് ഉത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം പാടിയത്. ക്ഷേത്ര ഉപദേശക സമിതി പിരിച്ചു വിടാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
ഗണഗീതം പാടിയത് ബോധപൂര്‍വമായ ശ്രമമാണ്. ക്ഷേത്രോപദേശക സമിതികള്‍ ക്ഷേത്ര ഭരണക്കാരായി മാറുന്നു. ക്ഷേത്ര ഉപദേശക സമിതി പിരിച്ചു വിടുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു. നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്സ് അവതരിപ്പിച്ച ഗാനമേളയില്‍ ആണ് ഗണഗീതം പാടിയത്.
ആര്‍എസ്എസുമായി ബന്ധമുള്ളവരായിരുന്നു പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍. തങ്ങളോട് രണ്ട് ഗണഗീതങ്ങള്‍ ആലപിക്കണമെന്ന് പരിപാടിയുടെ നടത്തിപ്പുകാര്‍ ആവശ്യപ്പെട്ടിരുന്നതായി നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്സിലെ കലാകാരന്‍മാര്‍ അറിയിച്ചിരുന്നു. ഗാനമേളയ്‌ക്കെതിരെ ക്ഷേത്ര ഉപദേശക സമിതിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
നടപടി ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശി കടയ്ക്കല്‍ പൊലീസിലും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌റിനും പരാതി നല്‍കിയിരുന്നു. ക്ഷേത്രവും പരിസരവും ആര്‍എസ്എസ് ബജ്രംഗ്ദള്‍ കൊടി തോരണങ്ങള്‍ കെട്ടിയതായും പരാതിയിലുണ്ട്. ഇവ നീക്കം ചെയ്യണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സിപിഎമ്മിന്റെ വിപ്ലവ ഗാനം ആലപിച്ചതിനെ തുടര്‍ന്ന് വിവാദങ്ങളുയര്‍ന്നിരുന്നു.