'ആർഎസ്എസിന് കൃത്യമായ അജണ്ടയുണ്ട്, കെണിയിൽ വീഴരുത്'; കേരളാ സ്റ്റോറി കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള പച്ച നുണയെന്ന് മുഖ്യമന്ത്രി

കേരളാ സ്റ്റോറി സിനിമ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള പച്ച നുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമയിൽ ആർഎസ്എസിന് കൃത്യമായ അജണ്ഡയുണ്ടെന്നും ആർഎസ്എസ് കെണിയിൽ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്ത്യൻ രൂപതകൾ വ്യാപകമായി സിനിമ പ്രദർശിപ്പിക്കുന്നതിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹിറ്റ്ലറുടെ ആശയം അതേ പോലെ പകർത്തിവെച്ചിരിക്കുന്നവരാണ് ആർഎസ്എസുകാർ. ജർമ്മനിയിൽ ജൂതരാണെങ്കിൽ ഇവിടെ മുസ്ലിം വിഭാഗവും ക്രിസ്റ്റ്യാനികളുമാണ് ഇരയാക്കപ്പെടുന്നത്. ആർഎസ്എസിൻ്റെ ഈ കെണിയിൽ ജനങ്ങൾ വീഴരുത്. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കൃത്യമായ ഉദ്ദേശമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരള സ്റ്റോറി രൂപതകളിൽ പ്രദർശിപ്പിക്കുമെന്ന് താമരശേരി-തലശ്ശേരി രൂപതകൾ വ്യക്തമാക്കി. ശനിയാഴ്ച രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് താമരശേരി കെസിവൈഎം അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ഇടുക്കി രൂപതയിലെ പള്ളികളിൽ വിവാദ സിനിമയായ കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി സിനിമ പ്രദർശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായിരുന്നു പ്രദര്‍ശനമെന്നാണ് രൂപതയുടെ വിശദീകരണം. ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും രൂപത വാദിച്ചിരുന്നു. പ്രണയത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്‍റെ ഭാഗമായാണ് കേരളാ സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചതെന്നും കേരളത്തിലിപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും സഭ ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ വിശദീകരിച്ചിരുന്നു.