പത്തനംതിട്ടയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് പിഴ ഒടുക്കിയിട്ടും വിട്ടുനല്‍കുന്നില്ലെന്ന് ഉടമ ഗിരീഷ്. ആര്‍ടിഒ നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ ബസ് വിട്ടുനല്‍കൂ എന്നാണ് പൊലീസ് പറയുന്നതെന്ന് ബസ് ഉടമ വ്യക്തമാക്കി. ബസിനെതിരെ ചുമത്തിയ പിഴകളെല്ലാം അടച്ചതിനെ തുടര്‍ന്ന് ബസ് വിട്ടുനല്‍കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
കോടതി ഉത്തരവുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടും ഇന്‍വെന്ററി തയ്യാറാക്കി ബസ് വിട്ടുനല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ബസ് വിട്ടുനല്‍കണമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥലത്തെത്തണം. 82,000 രൂപ പിഴ അടച്ചു. നടപടികള്‍ പരമാവധി വൈകിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ഗിരീഷ് പറഞ്ഞു.
ഹൈക്കോടതി സര്‍വീസ് നടത്താനാണ് പറഞ്ഞിരിക്കുന്നത്. സര്‍വീസ് തടസപ്പെടുത്തരുതെന്നും പറഞ്ഞിട്ടുണ്ട്. ബസിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചിട്ടുണ്ടോ എന്ന് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് നോക്കിയാല്‍ മാത്രമേ പറയാനാകൂ. ബസ് ബലമായാണ് അവര്‍ പിടിച്ചെടുത്തത്. ഒരു സാധനം പോലും എടുക്കാന്‍ അനുവദിച്ചില്ലെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു.