റുബെല്ലാ വാക്‌സിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാന്‍ കഴിയില്ലെന്ന് പ്രസ്താവന നടത്തിയ സിപിഐഎം എംഎല്‍എ എംഎം ആരിഫിനെതിരെ ഡോ. ഷിംന അസീസ്. കാര്യത്തെക്കുറിച്ച് ബോധ്യമില്ലെങ്കില്‍ ജനനേതാവിന് എന്തും വിളിച്ച് പറയാമെന്നാണോയെന്ന് ഡോ.ഷിംന അസീസ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ചോദിച്ചു.
. റൂബെല്ലാ വാക്‌സിനെ എതിര്‍ക്കുന്നവര്‍ കൂടുതല്‍ ശക്തമായി പ്രചരണം നടത്തണമെന്നും ,സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമാണ് റൂബെല്ലയെ അനുകൂലിച്ചതെന്നും ആരിഫ് എംഎല്‍എ ഒരു പൊതുപരിപാടിക്കിടെ പ്രസംഗിച്ചിരുന്നു. തന്റെ മക്കള്‍ക്ക് ഇതുവരെയും വാക്‌സിന്‍ എടുത്തിട്ടില്ലെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഇന്‍ഫോ ക്ലിനിക്കിന്റെ അഡ്മിന്‍ കൂടിയായ ഡോ.ഷിംന രംഗതെത്തിയിരിക്കുന്നത്.
ഡോ.ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മനസ്സില്ലാമനസ്സോടെയാണ് മീസിൽസ് റുബെല്ല വാക്‌സിനേഷനെ പിന്തുണച്ചതെന്ന് ഭരണപക്ഷ എംഎൽഎ അരൂരിന്റെ സ്വന്തം എ.എം ആരിഫ്. തന്റെ കുട്ടികൾക്ക് ഒരു വാക്‌സിനും കൊടുത്തല്ല വളർത്തിയതെന്നും പൊതുവേദിയിൽ പ്രഖ്യാപനം.!!!
അങ്ങനെ വേണം സർ. ലോകത്താകമാനം നടക്കുന്ന ഒരു ആരോഗ്യപദ്ധതി സർക്കാർ ആഭിമുഖ്യത്തിൽ നടക്കുമ്പോൾ പുറംതിരിഞ്ഞു തന്നെ നിൽക്കണം. ശാസ്‌ത്രാവബോധം എന്ന ഒന്നുണ്ട് സർ. സമൂഹത്തിലെ മക്കളോടും സ്വന്തം മക്കളോടും സ്‌നേഹം വേണം. അവർക്ക് വേണ്ടി ചുറ്റുമൊരു കാര്യം നടക്കുമ്പോൾ അതെന്താണെന്ന് അറിയാൻ ശ്രമിക്കണം. ജയിപ്പിച്ചു വിട്ട ജനങ്ങളോട് കടമയും കടപ്പാടുമുള്ളതോർക്കണം…
സർക്കാരിനെതിരെ ഇത്തരമൊരു അശാസ്ത്രീയത സംസാരിക്കാൻ സാറിന് എങ്ങനെ കഴിയുന്നു? സർക്കാർ പദ്ധതിക്കെതിരെ മൈക്കിന് മുന്നിൽ ജനനേതാവിന് എന്തും വിളിച്ച് പറയാമെന്നാണോ? സർ ഈ വിഷയം പഠിച്ചിട്ടുണ്ടോ? പോട്ടെ, വെറുതെയെങ്കിലുമൊന്ന് വായിച്ച് നോക്കിയിട്ടുണ്ടോ? സമൂഹത്തിൽ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചും മീസിൽസ് റുബല്ല വാക്സിനേനെഷൻ കാരണം ഒഴിവാക്കപ്പെടുന്ന ദുരന്തങ്ങളെക്കുറിച്ചും എന്തെങ്കിലും അറിഞ്ഞിട്ട് തന്നെയാണോ ഈ പറഞ്ഞതൊക്കെ?
ഞങ്ങൾ കുറച്ച് സാധാരണക്കാരായ ആരോഗ്യപ്രവർത്തകർ സാറിനെപ്പോലുള്ളവർ കാരണം കഴിഞ്ഞ കുറേ മാസങ്ങൾ അനുഭവിച്ച സമ്മർദത്തെ കുറിച്ച് വല്ല ധാരണയുമുണ്ടോ? മലപ്പുറത്ത് ഞങ്ങൾ നേരിട്ട അപമാനവും ആധിയുമറിയാമോ? കുഞ്ഞുങ്ങൾ മീസിൽസ് വന്ന് മരിക്കാതിരിക്കാനും അടുത്ത തലമുറ റുബല്ലയുള്ള അമ്മയുടെ ഉദരത്തിൽ വളർന്ന് അന്ധതയും ബധിരതയും ബുദ്ധിമാന്ദ്യവും ഹൃദയവൈകല്യവും അനുഭവിക്കാതിരിക്കാനും ഞങ്ങൾ മുന്നിട്ടിറങ്ങിയത് കണ്ടില്ലേ? ശാപവാക്കുകളും കൈയ്യേറ്റവും ഞങ്ങൾ ഒരുപാട് സഹിച്ചു. ഞങ്ങളുടെ ഒരു ഡോക്‌ടർ ക്രൂരമായി അക്രമിക്കപ്പെട്ടു, നേഴ്‌സിന്റെ കൈ പിടിച്ചു തിരിച്ചൊടിച്ചു. ഇനി അത് കണ്ടിട്ടെങ്കിലും ബോധം തളിഞ്ഞോട്ടെ എന്ന പ്രതീക്ഷയോടെ കുറേ പേർ സ്വന്തം കുട്ടികളെ ലൈവ് ക്യാമറക്ക് മുന്നിൽ വാക്‌സിനേറ്റ് ചെയ്‌തു. ഒടുക്കം മലപ്പുറത്തെ ഒരു ഡോക്‌ടർക്ക് സ്വയം MR വാക്‌സിൻ കുത്തിവച്ച് കാണിക്കേണ്ടി വരെ വന്നു.
പലയിടത്തും ഞങ്ങൾ അപഹാസ്യരായി. ശാരീരികാക്രമണങ്ങൾക്ക് മുന്നിൽ വരെ അടിപതറാതെ ഞങ്ങൾ ആരോഗ്യപ്രവർത്തകർ ഇതിനു വേണ്ടി നെഞ്ചും വിരിച്ച് നിലകൊണ്ടു. ഇങ്ങനെയൊക്കെ പടപൊരുതിയാണ് സർ നമ്മുടെ കുഞ്ഞുങ്ങളിൽ ഭൂരിപക്ഷവും സുരക്ഷിതരായത്. നിങ്ങളെപ്പോലെ കുറെയേറെ പിന്തിരിപ്പന്മാരുണ്ടായിട്ടും ഞങ്ങളെക്കൊണ്ടതിന് സാധിച്ചു.
ഇങ്ങനൊരു MLA ഉണ്ടായിട്ടും ആലപ്പുഴയിലെ വാക്‌സിനേഷൻ കവറേജ് 95% കടന്ന് അപ്പുറമാണ്. സുരക്ഷിതരായ കുഞ്ഞുങ്ങളുടെ കണക്ക് കണ്ടല്ലോ, അല്ലേ? താങ്കളെപ്പോലെയല്ല, ജനങ്ങൾക്ക് ബോധവും ബോധ്യവുമുണ്ട് നേതാവേ…
ഇതിനൊന്നും കഷ്‌ടമെന്ന് പറഞ്ഞൂടാ, പരമകഷ്‌ടമെന്ന് വേണം പറയാൻ !
https://www.facebook.com/shimnazeez/posts/10156222821072755?pnref=story