മീശ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തതിനാല്‍ ബഹിഷ്‌ക്കരണം അവസാനിപ്പിക്കാം എന്ന എന്‍.എസ്.എസ് തീരുമാനത്തില്‍ പ്രതികരിച്ച് നോവലിസ്റ്റ് എസ്.ഹരീഷ്. “എല്ലാ ഫാസിസ്റ്റ് വിരുദ്ധ വേലകളിക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു.താത്തിത്തകോം തെയ് തെയ് തോം! എന്നാണ് ഹരീഷിന്റെ പ്രതികരണം. തന്റെ തന്നെ ഒരു കഥയുടെ പേര് കൂടി ഉപയോഗിച്ചാണ് ഹരീഷിന്റെ പ്രതികരണം.
എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നടന്ന അഴിച്ചുപണിക്ക് പിന്നില്‍ എന്‍.എസ്.എസ് എന്നു തെളിയിക്കുന്ന സര്‍ക്കുലര്‍ പുറത്തായിരുന്നു. പത്രാധിപര്‍ കമല്‍റാം സജീവ് അടക്കമുള്ളവരെ മാതൃഭൂമി പുറത്താക്കിയിരുന്നു.്എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ പേരില്‍ എല്ലാ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കുന്നതിന് വേണ്ടി തയ്യാറാക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം സമുദായ സംഘടന തന്നെ വ്യക്തമാക്കുന്നത്.
മീശ നോവല്‍ ക്ഷേത്ര സംസ്‌ക്കാരത്തെയും വിശ്വാസികളായ സ്ത്രീകളുടെ അന്തസ്സിനെയും അധിക്ഷേപിക്കുന്നു എന്നാരോപിച്ച് മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കാന്‍ എന്‍.എസ്.എസ് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മാതൃഭൂമിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മാതൃഭൂമി ചെയര്‍മാനും എം.ഡിയുമായ വീരേന്ദ്രകുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് വന്ന് ചര്‍ച്ച നടത്തിയെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ഈ ചര്‍ച്ചയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പത്രാധിപരടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തെന്നും അവരാരും ഇപ്പോള്‍ സര്‍വ്വീസിലില്ലെന്നും, തങ്ങളുടെ പ്രസിദ്ധീകരണത്തിലെ പരാമര്‍ശം ആരെയെല്ലാം വേദനിപ്പിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചറിയുന്നുവെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം രേഖാമൂലം അറിയിച്ചു. അതിനാല്‍ മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കുന്നത് നിര്‍ത്തി പഴയത് പോലെ സഹകരിക്കുകയാണ് വേണ്ടത് എന്ന് കരുതുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു.
മാതൃഭൂമി ബഹിഷ്‌ക്കരണം നിര്‍ത്തി എന്ന ആശയം താഴെതലങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായി എന്‍.എന്‍.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാരോടും സെക്രട്ടറിമാരോടും സര്‍ക്കുലറില്‍ പറയുന്നു.
https://www.facebook.com/shareesh.hareesh/posts/2148733165256319