സാഹിത്യത്തിനുള്ള 2020ലെ ജെസിബി പുരസ്ക്കാരം “മീശ” (Moustache) എന്ന നോവലിലൂടെ എസ് ഹരീഷിന്. അദ്ദേഹത്തിന്റെ ആദ്യ നോവലാണിത്. ഹാർപർ കോളിൻസ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
മീശയുടെ ഇംഗ്ലീഷ് പരിഭാഷക്ക് ജയശ്രീ കളത്തിലിന് 10 ലക്ഷം രൂപ പുരസ്‌ക്കാരത്തിന്റെ ഭാഗമായി ലഭിക്കും. 2018 ൽ ഷഹനാസ് ഹബീബ് വിവർത്തനം ചെയ്ത ബെന്യാമിന്റെ ജാസ്മിൻ ഡെയ്‌സിന് ശേഷം മലയാളത്തിൽ ജെ.സി.ബി പുരസ്ക്കാരം നേടിയ രണ്ടാമത്തെ നോവലാണ് മീശ.
അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന ഹരീഷിന്റെ മീശ, ക്ഷേത്ര വിശ്വാസികളുടെയും ചില ഹിന്ദു സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന്, ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം നിറുത്തിയിരുന്നു. പിന്നീട് നോവൽ പിൻവലിച്ചു.
ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടർന്നാണ് എഴുത്തുകാരൻ നോവൽ പിൻവലിച്ചത്. മാതൃഭൂമിയിൽ പ്രസിദ്ധീകരണം നിറുത്തിയ നോവൽ തുടർന്ന് ഡി.സി.ബുക്സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.
എസ്. ഹരീഷിന് കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം എസ് ഹരീഷിന്റെ ആദം എന്ന പുസ്തകത്തിനായിരുന്നു.