നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപുള്‍പ്പടെയുള്ളവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് എഡിജിപി എസ് ശ്രീജിത്ത്. സത്യം പുറത്തുകൊണ്ടുവരുമെന്നും അതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ഒന്നും പറയാനാവില്ല. കേസിലെ വിഐപി ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും മുന്‍ കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചവരെക്കൂടാതെ മറ്റ് പലരെയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുക. ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് നടപടി. ഇന്ന് മുതല്‍ 3 ദിവസം രാവിലെ 9 മുതല്‍ രാത്രി 8 വരെ ദീലീപടക്കമുള്ള 5 പ്രതികളും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഹൈകോടതി നിര്‍ദേശം. ചോദ്യം ചെയ്യല്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കും.
ചോദ്യം ചെയ്യലിന് ശേഷമുള്ള വിവരങ്ങള്‍ 27 ന് കോടതിയില്‍ നല്‍കണം. അത് വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
അന്വേഷണത്തില്‍ ഒരുതരത്തിലുള്ള ഇടപെടലുകളെയും കുറിച്ച് ചിന്തിക്കാനേ പാടില്ല എന്നാണ് ദിലീപിന് കോടതി നല്‍കിയ മുന്നറിയിപ്പ്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.