സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ശബരിമല യുവതീപ്രവേശന വിഷയം വെള്ളിയാഴ്ച ലോക്‌സഭയിലെത്തുന്നു. കൊല്ലം എം.പി, എന്‍. കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്‍ പതിനേഴാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലായിരിക്കും.
2018 സെപ്തംബര്‍ ഒന്നിനു മുമ്പുണ്ടായിരുന്ന ആചാര അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തണമെന്നാണ് ബില്ലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബില്ല് ചര്‍ച്ചക്കെടുക്കുക നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ്. ജൂണ്‍ 25 നു നറുക്കെടുപ്പ് നടക്കും, അവസരം ലഭിച്ചാല്‍ ജൂലൈ 12 നു ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
ബില്‍ അവതരിപ്പിക്കുന്നത് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പിന്റെ ഭാഗമാണെന്നാണ് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞത്. ശബരിമല വിഷയത്തിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാട്, ബില്ല് ചര്‍ച്ചക്കെടുത്താല്‍ വ്യക്തമാകുമെന്നും ആദ്യദിനം ബില്‍ അവതരിപ്പിക്കുന്നത് ചരിത്ര നിയോഗമായി കാണുന്നുവെന്നുമാണ് പ്രേമചന്ദ്രന്‍ പറഞ്ഞത്.
ബി.ജെ.പി പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചല്ല ബില്‍ കൊണ്ടു വന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.