ശബരിമല ചെമ്പുതകിട്; വ്യാജവാര്‍ത്ത കലാപമുണ്ടാക്കാന്‍, നടപടി വേണമെന്ന് പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും

ശബരിമല യുവതീപ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയുടെ വേദക്രിയകളടങ്ങിയ എന്നുകാട്ടി പുറത്തുവന്ന ചെമ്പുതകിട് കഥകളില്‍ അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം. കഴിഞ്ഞ ദിവസം അറസ്റ്റിലായ പുരാവസ്തു തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശം അത്യപൂര്‍വ്വമെന്ന് വിശേഷിപ്പിച്ച ഈ രേഖ ഉള്ളതായി വാര്‍ത്തകള്‍ വന്നത്. ട്വന്റിഫോര്‍ ന്യൂസും, ദേശാഭിമാനിയുമായിരുന്നു ഇത്തരത്തില്‍ മോന്‍സന്റെ പേര് പറഞ്ഞു കൊണ്ട് തന്നെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. പുരാവസ്തു തട്ടിപ്പുകേസില്‍ മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇയാളുടെ പക്കലുള്ള വസ്തുക്കളില്‍ പലതും വ്യാജമെന്ന് വ്യക്തമായത്. ഇതോടെ ശബരിമല രേഖ വ്യാജമാണോ എന്ന സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വിശ്വ ഹിന്ദു പരിഷത് അടക്കമുള്ള സംഘടനകള്‍ ഇതിനെതിരെ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

യുവതീപ്രവേശന വിവാദം കത്തിനില്‍ക്കുമ്പോഴായിരുന്നു ശബരിമല മൂന്നര നൂറ്റാണ്ട് മുമ്പ് ദ്രാവിഡ ആരാധനാ കേന്ദ്രമായിരുന്നു എന്ന് സൂചിപ്പിക്കുന്ന രാജമുദ്രയുള്ള രേഖ വെച്ച് ട്വന്റിഫോറും, ദേശാഭിമാനിയും വാര്‍ത്തയാക്കിയത്. മോന്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നും, ഇടപാടുകളില്‍ ഇടനിലക്കാരനെന്നും ആരോപണം ഉയര്‍ന്ന ട്വന്റിഫോര്‍ ന്യൂസ് കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയാണ് ഇക്കാര്യം വാര്‍ത്തയായി പുറത്തു കൊണ്ടുവന്നത്. രേഖ ആധികാരികമാണോ എന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ്മ സൗത്ത്‌ലൈവിനോട് പറഞ്ഞു. പുരാവസ്തു വകുപ്പ് ഇക്കാര്യത്തില്‍ പരിശോധന നടത്തണമെന്നും ഇതിലെ അവ്യക്തത നീക്കണമെന്നും ശശികുമാരവര്‍മ്മ പറഞ്ഞു.

ആസൂത്രിതമായി കലാപമുണ്ടാക്കാനാണ് ഈ വാര്‍ത്തയിലൂടെ ശ്രമിച്ചതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കുന്നത് ജാമ്യമില്ലാകുറ്റമാണ്. ഇതിനൊപ്പം വര്‍ഗീയ സംഘര്‍ഷത്തിന് വഴിമരുന്നിട്ടേക്കാവുന്ന വിവാദവും. അതുകൊണ്ട് തന്നെ മോന്‍സണ്‍ മാവുങ്കല്‍ പിടിയിലാകുമ്പോള്‍ ഈ രേഖയും വിവാദത്തിലാകുകയാണ്. 24 ഫോര്‍ ന്യൂസ് നല്‍കിയ മോന്‍സണ്‍ മാവുങ്കലിന്റെ പ്രതികരണം പോലും ഇല്ലായിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ പേര് മാത്രമാണ് പറഞ്ഞിരുന്നത്. പന്തളം കോവിലധികാരി ശബരിമലയിലെ മകരവിളക്കിനും അനുബന്ധ ചടങ്ങുകള്‍ക്കും പണം അനുവദിച്ച് ‘ചവരിമല’ കോവില്‍ അധികാരികള്‍ക്ക് കൊല്ലവര്‍ഷം 843 ല്‍ എഴുതിയ ചെമ്പൊല തിട്ടൂരമാണ് ശബരിമലയുടെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത്. യുവതീപ്രവേശന വിലക്കു സംബന്ധിച്ചും ഈ രേഖ ഒന്നും പറയുന്നില്ലെന്നും അന്ന് ദേശാഭിമാനിയും 24 ന്യൂസും വാര്‍ത്ത നല്‍കിയിരുന്നു.

ശബരിമലയില്‍ പുള്ളുവന്‍ പാട്ട്, വേലന്‍ പാട്ട് എന്നീ ദ്രാവിഡ ആചാരങ്ങളാണുണ്ടായിരുന്നതെന്നും സന്നിധാനത്തെ കാണിക്കയ്ക്ക് സമീപം കുടില്‍കെട്ടി പാര്‍ത്തിരുന്നത് തണ്ണീര്‍മുക്കം ചീരപ്പന്‍ ചിറയിലെ കുഞ്ഞന്‍ പണിക്കരാണെന്നും ചെമ്പോല വ്യക്തമാക്കുന്നുവെന്നായിരുന്നു വ്യാജവാര്‍ത്ത. ചെമ്പോല തീര്‍ത്തും വസ്തുനിഷ്ടവും  ആശ്രയിക്കാന്‍ കഴിയുന്ന രേഖയുമാണെന്ന് ചരിത്രകാരനും തൃപ്പൂണിത്തുറ ഹില്‍പാലസിലെ പൈതൃക പഠനകേന്ദ്രം ഡയറക്ടറുമായ ഡോ. എം ആര്‍ രാഘവവാര്യര്‍ പറഞ്ഞുവെന്നും വിശദീകരിച്ചിരുന്നു. ഇതിന്റെ കാലപ്പഴക്കം, അതിലെ പുരാതനമായ കോലെഴുത്ത് മലയാളം എന്നിവ ഇതാണ് വ്യക്തമാക്കുന്നത്. ചെമ്പോല കൊല്ലവര്‍ഷം 843 (ക്രിസ്തുവര്‍ഷം 1668) ധനുമാസം ഞായറാഴ്ചയാണ് പുറപ്പെടുവിക്കുന്നത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് മധുരനായ്ക്കന്‍ പാണ്ടിനാട് ആക്രമിക്കുന്നതും രാജവംശം പന്തളത്തേയ്ക്ക് കുടിയേറുന്നതുമെന്നും രാഘവവാര്യര്‍ പറഞ്ഞിരുന്നു. ഈ ചരിത്രകാരനേയും ഈ രേഖ കാട്ടി പറ്റിച്ചുവെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ ഈ ചെമ്പോല വീണ്ടും അന്വേഷണവിധേയമാക്കണമെന്നാണ് ആവശ്യം.

ശബരിമലയിലെ ആചാരങ്ങളെയും ചടങ്ങുകളെയും കുറിച്ച് ഇന്ന് ലഭ്യമാകുന്ന ഏറ്റവും പഴയ രേഖയാണിത്. ശബരിമലയില്‍ രാജാധികാരം പ്രയോഗിക്കപ്പെട്ടതിന്റെ രേഖ കൂടിയാണിത്. ശബരിമലയില്‍ മകരവിളക്കും അനുബന്ധ ചടങ്ങുകള്‍ക്കും 3001 ‘അനന്തരാമന്‍ പണം’ (അക്കാലത്തെ പണം) കുഞ്ഞന്‍ കുഞ്ഞന്‍ പണിക്കര്‍ മുതലായവര്‍ക്ക് നല്‍കണമെന്നും ഇതില്‍ പറയുന്നുവെന്നാണ് ദേശാഭിമാനി വിശദീകരിച്ചിരുന്നത്, ശബരിമലയിലെ പ്രതിഷ്ഠയെ കുറിച്ചോ മറ്റ് ബ്രാഹ്ണണാചാരങ്ങളെ കുറിച്ചോ ഒരു സൂചനയുമില്ലെന്നതാണ് ഈ തിട്ടൂരത്തിലെ മറ്റൊരു പ്രത്യേകത. തന്ത്രിമാരെ കുറിച്ചോ, ബ്രാഹ്‌മണ ശാന്തിമാരെ കുറിച്ചോ ഒരു സൂചനയുമില്ലെന്നും വിശദീകരിച്ചിരുന്നു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ