ശബരിമല വിമാനത്താവള നിര്‍മാണത്തിനായി നടപടികള്‍ ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവളത്തിനായി ബിഷപ്പ് കെ പി യോഹന്നാന്റെ ഉടമസ്ഥതതയിലുള്ള ചെറുവള്ളി എസ്‌റ്റേറ്റിലെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റണ്‍വെ അടക്കമുള്ള മാസ്റ്റര്‍ പ്ലാനാണ് പദ്ധതിക്കായി അംഗീകരിച്ചിരിക്കുന്നത്.
വിമാനത്താവളത്തിനായി ഇനി കേന്ദ്രസര്‍ക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്ന വാദവുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്
അമേരിക്കയിലെ ലൂയിസ് ബര്‍ജറാണ് വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ്. കെഎസ്‌ഐഡിസിയാണ് ഇവര്‍ക്ക് ചുമതല നല്‍കിയത്. സാങ്കേതിക – സാമ്പത്തിക ആഘാത പഠനം നടത്താന്‍ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നല്‍കിയിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തര്‍ക്കം ഇപ്പോഴും കോട്ടയം പാലാ കോടതിയുടെ പരിഗണനയിലാണ്.
ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നില്‍ക്കുന്നതിനാല്‍ വിമാനത്താവളത്തിന് സിവില്‍ വ്യേമയാന വകുപ്പിന്റെ അനുമതി കിട്ടുക പ്രയാസമായിരിക്കും. തര്‍ക്കമുള്ള ഭൂമിയില്‍ വിമാനത്താവളത്തിന് സിവില്‍ വ്യേമയാന വകുപ്പ് അനുമതി കൊടുക്കാറില്ല. കൂടാതെ ചെറുവള്ളി എസ്റ്റേറ്റില്‍ വനഭൂമി ഉള്‍പ്പെട്ടിട്ടുളളതും തിരിച്ചടിയാണ്. കേന്ദ്ര വനനിയമം അനുസരിച്ച് വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ഈ തടസങ്ങള്‍ മാറ്റിയെങ്കില്‍ മാത്രമെ വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കൂ.
എസ്റ്റേറ്റ് തിരിച്ചെടുക്കാന്‍ കോട്ടയം കളക്ടര്‍ പാലാ കോടതിയില്‍ നല്‍കിയിരിക്കുന്ന സിവില്‍ കേസിന് സമാന്തരമായിട്ടാണ് സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം. 2263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് നിലവില്‍ ബിലിവേഴ്സ് ചര്‍ച്ചിന്റെ കൈവശമാണ്. ഇത് വീണ്ടെടുക്കാന്‍ വേണ്ടിയാണ് സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ സിവില്‍ കേസ് നല്‍കിയത്. എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലെ നിയമ പോരാട്ടങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ കോടതിയില്‍ കെട്ടിവയ്ക്കുകയോ അല്ലാതെയോ കൊടുക്കുമ്പോള്‍, ഭൂമി സര്‍ക്കാരിന്റെതാണെന്ന വാദത്തില്‍ നിന്ന് സര്‍ക്കാര്‍ തന്നെ സ്വയം പിന്മാറുകയാണെന്ന സംശയം ജനിപ്പിക്കുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ മറ്റ് ഭൂമികേസുകളെയും ഇത് ബാധിച്ചേക്കാം. അതിനാല്‍ ഒരു രൂപ പോലും നല്‍കാതെ എസ്റ്റേറ്റ് ഏറ്റെടുക്കണമെന്നാണ് ഭൂരഹിതരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.