ശബരിമലയിലേക്ക് വേഷംകെട്ടുമായി കേരള മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വന്നാല്‍ ബിജെപി ശക്തമായി പ്രതിരോധിക്കുമെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭാ സുരേന്ദ്രന്‍. ശബരിമല യുവതീപ്രവേശന വിധി വിശാല ബെഞ്ചിന് കൈമാറിയത് ഭക്തരെ സംബന്ധിച്ച് ആശ്വാസകരമാണെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നതിനിടയിലാണ് ഇത്തരത്തില്‍ പ്രതികരിച്ചത് .
കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തിയവരെല്ലാം മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു. മുഖ്യമന്ത്രി നില്‍ക്കേണ്ടത് ഭക്തരോടൊപ്പമാണ്. മൗഢ്യം വെടിഞ്ഞ് ഭക്തരോടൊപ്പം നില്‍ക്കാനുള്ള പ്രായോഗിക സമീപനത്തിലേക്ക് മുഖ്യമന്ത്രി വരണം.
ശബരിമലയിലും അയ്യപ്പനിലും വിശ്വസിക്കുന്ന സ്ത്രീകളാരും ശബരിമലയില്‍ എത്തിയിരുന്നില്ല. അവിശ്വാസികളെ കൊണ്ടു വരാനുള്ള നീക്കം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കില്‍ ബി.ജെ.പി.ശക്തമായ പ്രതിരോധം തീര്‍ക്കും.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ ഒരു കോടതിക്ക് എന്തുമാത്രം ഇടപെടല്‍ നടത്താനാകുമെന്ന ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതാണ് ഇത്തവണത്തെ കോടതി നടപടി. ഭക്തരുടെ വിശ്വാസവുമായി ചേര്‍ന്ന് നിന്നുകൊണ്ടുള്ള വിധി പ്രസ്താവമായിട്ടാണ് ഇതിനെ കാണാന്‍ കഴിയുക. റിവ്യൂ പെറ്റീഷനുകള്‍ പരിഗണിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള സമയം കിട്ടുന്നു. ഒപ്പം ഏഴംഗ ബെഞ്ചിലേക്ക് വിടുമ്പോള്‍ വിവിധ വിഷയങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരു തീരുമാനത്തിലേക്ക് എത്താന്‍ കോടതിക്ക് സാധിക്കുന്ന സാഹചര്യമാണ് ഉള്ളത് -ശോഭാ സുരേന്ദന്‍ വ്യക്തമാക്കി.