ശബരിമല മണ്ഡല- മകരവിളക്ക് സീസണിൽ ഈ വർഷം ലഭിച്ച വരുമാനത്തിൽ 10.35 കോടിയുടെ (10,35,55,025 രൂപ)യുടെ വർദ്ധന. 2023-24 വർഷത്തെ ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡൻറ് പിഎസ് പ്രശാന്ത് അറിയിച്ചു. അതേസമയം കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം.
അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു.
ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർധനവുണ്ടായി. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണിൽ ഇത് 44 ലക്ഷമായിരുന്നു (44,16,219). 5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശുചീകരണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനായി. നിലയ്ക്കലിൽ 1100 ഉം പമ്പയിൽ 500 ഉം കണ്ടെയ്നർ ടോയ്ലറ്റുകളും ഇതിൻറെ ഭാഗമായി സ്ഥാപിച്ചിരുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ 1200 ഓളം ടോയ്ലറ്റുകളും സജ്ജമാക്കിയിരുന്നു. ഇത്തവണത്തേക്കാൾ മികച്ച സൗകര്യങ്ങളാകും അടുത്ത വർഷം ഒരുക്കുകയെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് കൂട്ടിച്ചേർത്തു.