ആമയിഴഞ്ചാന്‍ തോട്ടില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണം; ഉത്തരവിട്ട് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍; ഫയര്‍ഫോഴ്‌സിന് അഭിനന്ദനം

തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ അപകടത്തില്‍പ്പെട്ട ജോയിയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്ന ഫയര്‍ഫോഴ്‌സ് സംഘത്തിന് കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍. ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘത്തെ അഭിനന്ദിച്ചുകൊണ്ടാണ് അദേഹം ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്.

എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് നിലവില്‍ തിരച്ചില്‍ നടക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെ 12 അംഗ സ്‌കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് മേധാവിയെ ഫോണില്‍ വിളിച്ച് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി.

ജോയിയെ എത്രയും വേഗം കണ്ടെത്തണമെന്ന് നിര്‍ദേശം നല്‍കി. മാലിന്യം ഇങ്ങനെ കുമിഞ്ഞ് കൂടിയതില്‍ പൊതുജനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി റെയില്‍വേ അധികൃതര്‍ രംഗത്തെത്തി. തോട് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേയ്ക്ക് കത്തയച്ചെന്നും അനുവാദം നല്‍കിയില്ലെന്നുമായിരുന്നു ആര്യ രാജേന്ദ്രന്റെ ആരോപണം.

എന്നാല്‍ ആര്യ പറയുന്നത് നുണയാണെന്നും തോട് ശുചീകരിക്കേണ്ടതിന്റെ ചുമതല കോര്‍പ്പറേഷനാണെന്നുമാണ് റെയില്‍വേ എഡിആര്‍എം എംആര്‍ വിജി പറയുന്നത്. ഒരു തവണ പോലും കോര്‍പ്പറേഷന്‍ തോട് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കത്തയച്ചിട്ടില്ലെന്നും എഡിആര്‍എം അറിയിച്ചു. ഭാവിയിലും ടണല്‍ വൃത്തിയാക്കുന്നതില്‍ കോര്‍പ്പറേഷന് യാതൊരു തടസവും ഉണ്ടാകില്ലെന്നും റെയില്‍വേ വ്യക്തമാക്കി.

റെയില്‍വേ ഖരമാലിന്യങ്ങള്‍ തോട്ടില്‍ കളയുന്നില്ല. റെയില്‍വേ വെള്ളം മാത്രമേ ഒഴുക്കി വിടുന്നുള്ളൂ. ഇത്തവണ കോര്‍പ്പറേഷന്‍ തടസം പറഞ്ഞപ്പോള്‍ റെയില്‍വേ അത് ഏറ്റെടുത്തെന്നും എഡിആര്‍എം വിശദമാക്കി. അതേസമയം റെയില്‍വേ രക്ഷാപ്രവര്‍ത്തനത്തില്‍ തികഞ്ഞ നിസംഗതയാണ് കാട്ടുന്നതെന്ന് എഎ റഹീം എംപി ആരോപിക്കുന്നു.

Read more

റെയില്‍വേ ഉദ്യോഗസ്ഥര്‍ ആരും തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹായം നല്‍കുന്നില്ലെന്നും വിദ്രോഹപരമായ നടപടികള്‍ കൈക്കൊള്ളുന്നെന്നുമാണ് റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ ട്രെയിന്‍ കടത്തിവിട്ടത് ഞെട്ടലുണ്ടാക്കിയെന്നും റഹീം കുറിച്ചു.