പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെക്കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷണം തുടങ്ങി. നാര്‍കോട്ടിക് ഡി.വൈ.എസ്.പി, വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുളള സംഘത്തിന് വളപട്ടണം പോലീസ് കേസ് ഫയലുകള്‍ കൈമാറി. നാലംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പി.കെ ശ്യാമളയെ വിളിച്ച് വരുത്തി മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.
സാജന്റെ അത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്ന്നു വന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് ഇന്നലെ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. കേസില്‍ ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ വിളിച്ച് വരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പി കെ ശ്യാമളക്ക് രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് നോട്ടീസ് നല്കും. സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പലതരത്തിലുളള ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനാണ് പോലീസിന് ലഭിച്ച നിര്‍ദ്ദേശം.