ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ രാജിവെച്ച സജി ചെറിയാന്‍ എംഎല്‍എ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിന്റെ ധാരണ.
ഗവര്‍ണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിലാണ് സംസ്‌ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന് മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത്.
ഈ വര്‍ഷം ജൂലൈ മൂന്നിന് ആയിരുന്നു പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ വച്ച് ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്. ആര്‍ക്കും ചൂഷണം ചെയ്യാന്‍ സാധിക്കാത്ത തരത്തിലാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാന്റെ പരാമര്‍ശം.
ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുള്ളത് എന്നായിരുന്നു അന്ന് സജി ചെറിയാന്‍ പ്രസംഗിച്ചത്. തിരുവല്ല, റാന്നി എംഎല്‍എമാരടങ്ങിയ വേദിയില്‍ വച്ചായിരുന്നു പരാമര്‍ശം. പിന്നാലെ പരാമര്‍ശം വലിയ വിവാദമാകുകയും സജി ചെറിയാന്റെ മന്ത്രിസ്ഥാനം തെറിക്കുകയുമായിരുന്നു.
അഞ്ച് മാസത്തിന് ശേഷം സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസിന്റെ റെഫര്‍ റിപ്പോര്‍ട് പുറത്തുവന്നു. വിമര്‍ശനാത്കമായി സംസാരിക്കുക മാത്രമാണ് സജി ചെറിയാന്‍ ചെയ്തതെന്നും ഭരണഘടനയേയോ ഭരണഘടനാ ശില്‍പികളെയോ അവഹേളിച്ചിട്ടില്ലെന്നുമായിരുന്നു പൊലീസ് കണ്ടെത്തല്‍. അതിനാല്‍ തന്നെ കേസ് തുടര്‍ന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ഇതിന് പിന്നാലെയാണ് സജി ചെറിയാന് വീണ്ടും മന്ത്രി സഭയിലേക്കുള്ള വരവിന് കളമൊരുങ്ങിയത്.