ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനെ പിന്തുണച്ച് സജിത മഠത്തില്‍. സ്പീക്കര്‍ ഷംസീര്‍ മാപ്പുപറയാന്‍ ആഗഹിച്ചാല്‍ പോലും ഞങ്ങള്‍ സമ്മതിക്കില്ല. അത് ശാസ്ത്ര ബോധത്തില്‍ ലോകം നോക്കിക്കണ്ടവരെ തള്ളിപ്പറയലാവുമെന്ന് സജിത ഫേസ്ബുക്കില്‍ കുറിച്ചു. ശാസ്ത്രബോധത്തിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇപ്പോഴും. പക്ഷെ ഇക്കണക്കിനു പോയാല്‍ സയന്‍സ് പാഠങ്ങളില്‍ മിത്തും പുരാണവും ശാസ്ത്രീയമായി പഠിക്കാന്‍ അധികകാലമൊന്നും വേണ്ടി വരില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അതെ ! അതെ ! മത വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കരുത്!
എന്റെ അഭിപ്രായവും അതു തന്നെയാണ്!
ശാസ്ത്രബോധത്തിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇപ്പോഴും. പക്ഷെ ഇക്കണക്കിനു പോയാല്‍ സയന്‍സ് പാഠങ്ങളില്‍ മിത്തും പുരാണവും ശാസ്ത്രീയമായി പഠിക്കാന്‍ അധികകാലമൊന്നും വേണ്ടി വരില്ല. പണി തുടങ്ങിക്കഴിഞ്ഞല്ലോ!
കവിഭാവനയിലെ പുഷ്പകവിമാനം എനിക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമല്ല. അത് സയന്‍സ് കോണ്‍ഗ്രസ്സില്‍ എത്ര വലിയ പദവിയിലിരിക്കുന്ന ആള്‍ വന്നു പറഞ്ഞാലും ശാസ്ത്ര സത്യമാവില്ല. ഇതൊന്നും തെളിയിക്കപ്പെടാന്‍ വിശ്വാസമല്ല കൂട്ട്. അതിന് ശാസ്ത്ര ഗവേഷണത്തിന്റെ ടൂളുകള്‍ തന്നെ വേണം.
ശാസ്ത്ര സത്യം പറയുന്നത് വിശ്വാസത്തെ ഹനിക്കലാണെങ്കില്‍ തിരിച്ചു പറയുന്നത് ഞാന്‍ ഇത്രയും കാലം പഠിച്ചു വളര്‍ന്ന ശാസ്ത്രബോധത്തെ കളങ്കപ്പെടുത്തുന്നതുമാണ്.
ആയതിനാല്‍ ശാസ്ത്ര ബോധത്തെ ഹനിച്ചവര്‍ ആദ്യം ഒന്നൊന്നായി മാപ്പ് പറയൂ. അതുവരെ നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കര്‍ ഷംസീര്‍ മാപ്പുപറയാന്‍ അദ്ദേഹം ആഗഹിച്ചാല്‍ പോലും ഞങ്ങള്‍ സമ്മതിക്കില്ല. അത് ശാസ്ത്ര ബോധത്തില്‍ ലോകം നോക്കിക്കണ്ടവരെ തള്ളിപ്പറയലാവും.
എന്താ ശാസ്ത്രബോധത്തോടെ വളര്‍ന്നവരുടെ വികാരങ്ങള്‍ക്ക് മുറിവ് ഏല്‍ക്കില്ലെ? എന്തൊരു കഷ്ടമാണിത്? ശാസ്ത്ര സത്യത്തിലൂന്നി ഒരഭിപ്രായം പറയുന്നത് വിശ്വാസിയുടെ വ്യക്തി സ്വതന്ത്രത്തിലുള്ള ഇടപെടല്‍ ആക്കുന്നതെങ്ങിനെ? പ്രതിപക്ഷം ഈ വിഷയത്തില്‍ കൂടുതല്‍ അവധാനതയോടെ പ്രതികരിക്കേണ്ടതുണ്ട്. ഇത് അപകടകരമായ ഇടപെടലാണ്.
ശാസ്ത്ര ബോധത്തിനൊപ്പം തന്നെയാണ്! ശാസ്ത്ര സത്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബഹുമാന്യ നിയമസഭാ സ്പീക്കര്‍ക്ക്, എ.എന്‍ ഷംസീറിന് അഭിവാദ്യങ്ങള്‍.