മിത്സുബുഷി ഷോറൂമില്‍ പോകാന്‍ സെയില്‍സ്മാന്‍; റോള്‍സ് റോയ്സ് കാറില്‍ ജോയ് ആലുക്കാസിന്റെ പ്രതികാരം ഇങ്ങനെ

വര്‍ഷം 1920, ലണ്ടന്‍ നഗര വീഥിയിലൂടെ ഒരു സാധാരണക്കാരനെ പോലെ നടന്ന് അയാള്‍ ലോകത്തിലെ ഏറ്റവും വലിയ ആഡംബര കാറിന്റെ ഷോറൂമിന് മുന്നിലെത്തി. ഉള്ളിലേക്ക് ഒന്ന് കണ്ണോടിച്ചു. ആഢംബരത്തിന്റെ അവസാന വാക്കായ റോള്‍സ് റോയ്‌സ് ഫാന്റം സെക്കന്റ് ടൂററിന്റെ തല ഉയര്‍ത്തിപ്പിടിച്ച് ആരെയും കൂസാത്ത നില്‍പ്പില്‍ ആ മനുഷ്യന്‍ ആകൃഷ്ടനായി.

അയാള്‍ ഷോറൂമിന് ഉള്ളിലേക്ക് കടന്നു. കോട്ടും സ്യൂട്ടും ധരിച്ച വെള്ളക്കാരനായ ഒരു ജീവനക്കാരനോട് ഫാന്റം ടൂററിന്റെ സവിശേഷതകളെ കുറിച്ച് ആരാഞ്ഞു. എന്നാല്‍ കടന്നുവന്ന ആ മനുഷ്യനെ റോള്‍സ് റോയ്‌സ് ജീവനക്കാരന് ഒരിക്കലും അംഗീകരിക്കാനാകുമായിരുന്നില്ല. പാശ്ചാത്യ സംസ്‌കാരത്തിന്റെ മര്യാദകളൊന്നും കടന്നുവന്ന മനുഷ്യന്റെ വസ്ത്ര ധാരണത്തില്‍ ജീവനക്കാരന് കാണാന്‍ കഴിഞ്ഞില്ല.

അതിനേക്കാള്‍ റോള്‍സ് റോയ്‌സ് ജീവനക്കാരന് അസ്വസ്ഥതയുണ്ടാക്കിയത് രാവിലെ തന്നെ ഷോറൂമിലേക്ക് കടന്നുവന്ന മനുഷ്യന്റെ നിറമായിരുന്നു. കറുത്ത നിറമുള്ള അയാളെ തികഞ്ഞ അവജ്ഞയോടെയാണ് ജീവനക്കാരന്‍ സ്വീകരിച്ചത്. അയാളുടെ ചോദ്യങ്ങള്‍ ജീവനക്കാരനില്‍ വലിയ വിരസത സൃഷ്ടിച്ചു. ഇതൊന്നും നിങ്ങള്‍ക്ക് വില്‍ക്കാനുള്ളതല്ലെന്നായിരുന്നു ജീവനക്കാരന്‍ ആ കറുത്ത മനുഷ്യന്റെ സംശങ്ങള്‍ക്ക് നല്‍കിയ മറുപടി.
എന്തുകൊണ്ട് എനിക്ക് വില്‍ക്കില്ലെന്ന മറുചോദ്യത്തിന് ലോകത്തിലെ ഏറ്റവും വില കൂടിയ കാറുകളുടെ ഷോറൂമിലാണ് നിങ്ങള്‍ നില്‍ക്കുന്നതെന്നും ഈ കാറുകള്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കുന്നതല്ലെന്നുമായിരുന്നു മറുപടി. ഇതുകേട്ട് ആ ഷോറൂമില്‍ നിന്ന് ഇറങ്ങി പോയ മനുഷ്യന്‍ ആല്‍വാര്‍ നാട്ടുരാജ്യത്തിന്റെ രാജാവ് ജയ് സിംഗ് ആയിരുന്നു.

ജയ്‌സിംഗ് ലണ്ടനില്‍ നിന്ന് മടങ്ങിയപ്പോള്‍ ആറ് റോള്‍സ് റോയ്‌സ് കാറുകള്‍ കൂടി ഇന്ത്യയില്‍ എത്തിച്ചതും, റോള്‍സ് റോയ്‌സില്‍ ചൂല് കെട്ടി നഗരം വൃത്തിയാക്കിയതും ചരിത്രം. പിന്നീട് റോള്‍സ് റോയ്‌സ് പ്രതിനിധികള്‍ ആല്‍വാര്‍ രാജാവിനോട് മാപ്പ് പറഞ്ഞ് പ്രശ്‌നം പരിഹരിച്ചതായാണ് ചരിത്രം പറയുന്നത്.

റോള്‍സ് റോയ്‌സ് അപമാനിച്ച ഇന്ത്യക്കാരന്‍ ജയ് സിംഗ് മാത്രമായിരുന്നില്ല. റോള്‍സ് റോയ്‌സ് അപമാനിച്ചുവിട്ട ഒരു മലയാളിയെ കുറിച്ചാണ് ഇനി പറയാനുള്ളത്. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ 50ാം സ്ഥാനത്ത് നില്‍ക്കുന്ന മലയാളികളുടെ അഭിമാനമായ വ്യാപാരിയെ ആയിരുന്നു റോള്‍സ് റോയ്‌സ് അപമാനിച്ചത്.

വര്‍ഷം 2000, ജയ്‌സിംഗ് അപമാനിക്കപ്പെട്ട് 80 വര്‍ഷത്തിന് ശേഷം യുഎഇയിലെ റോള്‍സ്് റോയ്‌സ് ഷോറൂമിലേക്ക് കടന്നുചെന്ന ജോയ് ആലുക്കാസ് ആവശ്യപ്പെട്ടത് കാറുകള്‍ കാണണം എന്നായിരുന്നു. നിങ്ങള്‍ക്ക് കാര്‍ വാങ്ങണമെങ്കില്‍ മിത്സുബുഷി ഷോറൂമിലേക്ക് പോകൂ എന്നായിരുന്നു ജീവനക്കാരന്റെ മറുപടി.

എന്നാല്‍ ഒരു ഇന്ത്യക്കാരന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയ റോള്‍സ് റോയ്‌സ് ജീവനക്കാരന് അറിയില്ലായിരുന്നു തന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു ശതകോടീശ്വരനാണെന്ന്. ജോയ് ആലുക്കാസ് പിന്നീട് ഒന്നും ആലോചിച്ചില്ല. മുഴുവന്‍ പണവും നല്‍കി റോള്‍സ്് റോയ്‌സ് കാര്‍ നിരത്തിലിറക്കി. എന്നാല്‍ ആഢംബരത്തിന്റെ അവസാന വാക്കില്‍ യാത്ര ചെയ്യാന്‍ ജോയ് ആലുക്കാസ് തയ്യാറായിരുന്നില്ല.

ജോയ് ആലുക്കാസ് ജൂവലറി ആ വര്‍ഷം നടത്തിയ ലക്കി ഡ്രോയിലെ വിജയിക്ക് കാര്‍ സമ്മാനിച്ചുകൊണ്ടാണ് ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പിന്റെയും ജോയ് ആലുക്കാസ് എന്ന മലയാളിയുടെയും ആത്മാഭിമാനം എന്തെന്ന് ലോകത്തോട് വിളിച്ചുപറയുകയായിരുന്നു.

1987ല്‍ കുടുംബത്തിന്റെ ആദ്യ വ്യാപാര സംരംഭം സ്ഥാപിക്കാന്‍ ദുബായിലെത്തിയ ജോയ് ആലുക്കാസ് പിന്നീട് സ്വന്തം ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ഇന്ത്യയില്‍ നൂറോളം ഔട്ട്‌ലെറ്റുകളും 60 വിദേശ ഔട്ട്‌ലെറ്റുകളും 9000ലേറെ ജീവനക്കാരുമുണ്ട് ഇന്ന് ജോയ് ആലുക്കാസ് ജൂവലറി ഗ്രൂപ്പിന്.

ഫോര്‍ബ്‌സ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 712ാം സ്ഥാനത്തുള്ള സ്‌കൂള്‍ ഡ്രോപ്പ് ഔട്ടായ ജോയ് ആലുക്കാസിന്റെ പോര്‍ച്ചില്‍ 6 കോടി രൂപ വിലയുള്ള റോള്‍സ് റോയ്സ് കള്ളിനനും സ്ഥാനം ഉണ്ടെന്നതാണ് കൗതുകം. തനിക്ക് നേരിട്ട അപമാനത്തെ കുറിച്ച് ഒരു അഭിമുഖത്തിലൂടെ ജോയ് ആലുക്കാസ് തന്നെയാണ് വെളിപ്പെടുത്തിയത്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി