നിലമ്പൂരില്‍ കൊല്ലപ്പെട്ട അജിതയ്ക്കും കുപ്പുദേവരാജിനും അഭിവാദ്യങ്ങള്‍; കോടതി പരിസരത്ത് വീണ്ടും മുദ്രാവാക്യം മുഴക്കി ഗ്രോ വാസു; കേസില്‍ കോടതി നാളെ വിധി പറയും

കോടതി പരിസരത്ത് മുദ്രാവാക്യം വിളിക്കരുതെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു. 2016ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് പ്രതിഷേധിച്ച കേസില്‍ ഇന്ന് വിചാരണയ്‌ക്കെത്തിയപ്പോഴായിരുന്നു കുന്നമംഗലം കോടതിയില്‍ ഗ്രോ വാസു മുദ്രാവാക്യം മുഴക്കിയത്.

കോടതി പരിസരത്ത് മുദ്രാവാക്യം വിളിക്കരുതെന്ന് ഗ്രോ വാസുവിന് കുന്നമംഗലം കോടതി നേരത്തേ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലമ്പൂര്‍ വനത്തില്‍ കൊല്ലപ്പെട്ട അജിതയ്ക്കും കുപ്പുദേവരാജിനും ഗ്രോ വാസു കോടതിയില്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായാല്‍ മതിയെന്ന് കോടതി അറിയിച്ചെങ്കിലും നേരിട്ട് ഹാജരാകാമെന്ന് ഗ്രോ വാസു കോടതിയില്‍ പറഞ്ഞിരുന്നു. സാക്ഷിമൊഴി വായിച്ചു കേട്ടതിന് ശേഷം മാവോയിസ്റ്റുകളെ ചതിയിലൂടെ പൊലീസ് വെടിവെച്ച് കൊന്നതാണെന്ന് ഇന്നലെ ഗ്രോ വാസു കോടതിയില്‍ പറഞ്ഞിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് ഗതാഗത തടസമുണ്ടാക്കി പ്രതിഷേധിച്ചെന്നാണ് ഗ്രോ വാസുവിനെതിരെയുള്ള കേസ്. കേസില്‍ പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറാകാത്തതിനാല്‍ ഒരു മാസത്തിലേറെയായി ഗ്രോവാസു വിചാരണ തടവില്‍ തുടരുകയാണ്. കേസില്‍ കോടതി നാളെ വിധി പറയും.

ജൂലൈ 29ന് ആണ് കേസില്‍ ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിരപരാധികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാതെ, പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നയായിരുന്നു ഗ്രോ വാസുവിന്റെ നിലപാട്. പിഴ അടയ്ക്കില്ലെന്നും കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു കോടതിയെ അറിയിച്ചിരുന്നു.