ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ പ്രചരണം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സമസ്ത. 4000 മഹല്ലുകളില്‍ ബോധവത്കരണം ശക്തമാക്കാനാണ് സമസ്തയുടെ തീരുമാനം. തിരുത്തേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ കൈപുസ്തകത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയ നടപടി ആശങ്കയോടെയാണ് സമസ്ത കാണുന്നത്. ഇതിനെതിരെ ബോധവല്‍ക്കണം സംഘടിപ്പിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുമായി ഈ മാസം 30 ന് നടത്തുന്ന കൂടികാഴ്ച്ചയിലും സമസ്ത ഇക്കാര്യം ഉന്നയിക്കും.
ഇന്നു നടന്ന ഖുത്വബ സെമിനാര്‍ മാതൃകയില്‍ സംസ്ഥാനത്തെ നൂറു മേഖലകളില്‍ ഈ വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കും. ഇതില്‍ പരിശീലനം നേടിയവരെ ഉപയോഗപ്പെടുത്തി നാലായിരത്തോളം വരുന്ന സമസ്ത മഹല്ലുകളില്‍ ബോധവത്കരണ പരിപാടി നടത്താനാണ് സമസ്തയുടെ തീരുമാനം.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തിലും പാഠ്യപദ്ധതി കരടിലുണ്ടായിരുന്ന പരാമര്‍ശങ്ങളിലും സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്ന് ഓഗസ്റ്റ് 11ന് ചേര്‍ന്ന സമസ്ത മുശാവറ പ്രമേയം പാസാക്കിയിരുന്നു.