സിപിഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി സമസ്ത രംഗത്തെത്തി.വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം ന്യൂനപക്ഷങ്ങളോട് അടുക്കുന്നത്. കമ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമെന്നും, സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായെന്നും അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചു.
തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്നായിരുന്നു അനിൽ കുമാറിന്റെ പ്രസ്താവന. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ യുക്തിവാദി സംഘടന സംഘടിപ്പിച്ച ലിറ്റ്മസ് നാസ്തിക സമ്മേളനത്തിലായിരുന്നു പരാമർശം നടത്തിയത്.
മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അനിൽകുമാർ പറഞ്ഞു. സിപിഎം സംസ്ഥാന സമിതി നേതാവിന്റെ ഈ പ്രസ്താവനയോട് വലിയ രീതിയിലുള്ള എതിർപ്പാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. ഇത് വ്യക്തിപരമായ പരാമർശം മാത്രം എന്നായിരുന്നു കെ ടി ജലീലിന്റെ പ്രസ്താവന. ഇതിനെതിരെ എതിർപ്പുമായി മുസ്ലീം സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ ചൂടു പിടിച്ചത്. തട്ടമിടാത്തത് പുരോഗമനത്തിന്റെ ലക്ഷണം അല്ലെന്ന് പറഞ്ഞു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് വനിത കൗൺസിലറുടെ ചിത്രം സഹിതം ആണ് ജലീലിന്റെ കുറിപ്പ്. വീണ ജോർജിനെതിരെ കെഎം ഷാജി നടത്തിയ പരാമർശത്തെ പോലെ അനിൽകുമാറിന്റെ വാക്കുകളെ തള്ളണമെന്നും ജലീൽ പറയുന്നു.