സംസ്ഥാന സര്‍ക്കാരിനും,കേരള പൊലീസിനും എതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ മുഖപ്രസംഗം. കേരള പൊലീസ് നടപ്പാക്കുന്നത് ആര്‍സ്എസ് അജണ്ടയാണെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു. സമൂഹ മാധ്യമങ്ങളില്‍ മുസ്ലിംങ്ങള്‍ക്കെതിരെ വരുന്ന പരാമര്‍ശങ്ങളില്‍ നടപടി എടുക്കുന്നില്ല. ആര്‍എസ്എസിനെ വിമര്‍ശിക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണ്. പൊലീസിന്റെ ഇരട്ടത്താപ്പ് തുടരുകയാണെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, മന്ത്രി മുഹമ്മദ് റിയാസും അടക്കം സിപിഎം ജില്ലാ സമ്മേളനങ്ങള്‍ വരെ പൊലീസിന്റെ വീഴ്ചകള്‍ സമ്മതിച്ചിട്ടും സേനയില്‍ നിന്ന് ഉണ്ടാകുന്ന അതിക്രമങ്ങള്‍ തുടരുകയാണ്. കെ റെയില്‍ പദ്ധതിയില്‍ ഉറച്ച് നിലപാടുമായി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് എന്തു കൊണ്ടാണ് പൊലീസിന്റെ ഇരട്ടത്താപ്പുകള്‍ക്കെതിരെ നിലപാട് എടുക്കാന്‍ കഴിയാത്തതെന്ന് സമസ്ത കുറ്റുപ്പെടുത്തി.
മലപ്പുറത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമ്മേളനം നടത്തിയിട്ടും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ തീരൂരങ്ങാടി പൊലീസ് കള്ളക്കേസ് എടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടാണോ സിപിഎം ജാഥകളും സമ്മേളനങ്ങളും നടക്കുന്നതെന്നും ഇവര്‍ക്കൊന്നും ഇത് ബാധകമല്ലേയെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
ആഭ്യന്തര വകുപ്പിന്റെ അറിവോടെ തന്നെയാണ് പൊലീസ് ഒരു വിഭാഗത്തിനെതിരെ മാത്രം കേസ് എടുത്തുകൊണ്ടിരിക്കുന്നത്. പൊലീസ് തലപ്പത്ത് എടുക്കുന്ന തീരുമാനങ്ങള്‍ എങ്ങനെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കും, മനുഷ്യാവകാശഷ പ്രവര്‍ത്തകര്‍ക്കും എതിരെ പ്രയോഗിക്കാമെന്ന് ഗവേഷണം നടത്തി നടപ്പിലാക്കുന്ന ഒരു വിഭാഗം പൊലീസില്‍ തഴച്ച് വളരുകയാണ്.
Read more
അധികാരത്തില്‍ വരാന്‍ കഴിയില്ലെങ്കില്‍ ഭരണസിരാ കേന്ദ്രങ്ങളിലും, വിദ്യാഭ്യാസ, സാമൂഹിക, കലാ സാംസ്‌കാരിക രംഗങ്ങളിലും സര്‍ക്കാരുകളുടെ മര്‍മസ്ഥാനങ്ങളിലും പൊലീസിലും നുഴഞ്ഞ് കയറുക എന്ന് ആര്‍എസ്എസ് അജണ്ടയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടപ്പിലാകുന്നതെന്ന് മുഖപ്രസംഗത്തില്‍ ആരോപിച്ചു.