വിഴിഞ്ഞത്തേക്കുള്ള ആദ്യ ചരക്ക് കപ്പലായ മദർഷിപ്പ് സാൻ ഫെർണാണ്ടോ പുറംകടലിലെത്തി. ഔട്ടർ ഏരിയയിൽ എത്തിയ സാൻ ഫെർണാണ്ടോ കപ്പലിനെ ടഗ് ബോട്ടുകൾ തുറമുഖത്തോട് അടുപ്പിക്കും. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ചെണ്ടമേളം ഉൾപ്പെടെയുള്ള സ്വീകരണമാണ് സാൻ ഫെർണാണ്ടോ കപ്പലിനായി നാട്ടുകാർ ഒരുക്കിയിരിക്കുന്നത്.
ബർത്തിംഗിന് ശേഷം ക്ലിയറൻസ് നടപടികൾ ഉണ്ടാകും. ഇമിഗ്രേഷൻ, കസ്റ്റംസ് ക്ലിയറൻസാണ് നടത്തുക. മെഡിക്കൽ ക്ലിയറൻസിന് ശേഷം കണ്ടെയ്‌നർ ഇറക്കും. അതേസമയം മദർഷിപ്പിന് സ്വീകരണവും ട്രയൽ റൺ ഉദ്ഘാടനവും നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയാണ് മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ്. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയാണ് മെസ്‌ക്.
ട്രാൻസ്ഷിപ്പ്മെൻ്റ് എന്ന നിലയിലാണ് തുറമുഖം വിഭാവനം ചെയ്‌തിരിക്കുന്നത്. മദർഷിപ്പിലെത്തുന്ന കാർഗോ പോർട്ടിലിറക്കുകയും അത് മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നതുമാണ് ഒന്നാം ഘട്ടം. മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ ഇറക്കുമതി, കയറ്റുമതിയുടെ നല്ലൊരു ഭാഗവും വിഴിഞ്ഞം വഴിയാവുകയും. ഇതോടെ തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ വികസിക്കുകയും ആവശ്യമുള്ള കാർഗോ, റെയിൽ -റോഡ് അടക്കമുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യും.
അതേസമയം വിഴിഞ്ഞം ട്രയൽറണ്ണിന് പൂർണ സജ്ജമെന്ന് അന്താരാഷ്ട്ര തുറമുഖ മാനേജിങ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ ഐഎഎസ്. വിഴിഞ്ഞത്ത് വരുന്നത് ഡമ്മിയല്ലെന്നും ഒറിജിനൽ ഷിപ്പ് ആണെന്നും ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. സമുദ്രാധിഷ്ഠിത വാണിജ്യമേഖലയിൽ ഭാരതത്തിൻ്റെ കവാടമായി വിഴിഞ്ഞം തുറമുഖം മാറുമെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു. സ്വകാര്യ-പൊതുപങ്കാളിത്തത്തിന്റെ മികച്ച മാതൃകയായി വിഴിഞ്ഞം തുറമുഖം 2028ൽ പൂർണസജ്ജമാകുമെന്നും ദിവ്യ എസ് അയ്യർ കൂട്ടിച്ചേർത്തു. തുറമുഖം പൂർണസജ്ജമാകുന്ന സമയം തന്നെ റെയിലും സാധ്യമാകും. വരുന്ന നാല് വർഷംകൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപമാണ് വിഴിഞ്ഞത്തെത്തുകയെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.