കെജ്രിവാളിന്റെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനെ കിട്ടില്ല; ഇന്ത്യയിലും കേരളത്തിലും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് സന്ദീപ് വാര്യര്‍

ആം ആദ്മി പാര്‍ട്ടി വൈചാരികമായി കോണ്‍ഗ്രസ് വിരുദ്ധ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. എഎപി രൂപം കൊണ്ടതേ കോണ്‍ഗ്രസ് വിരുദ്ധ പ്രസ്ഥാനമായി ആര്‍എസ്എസ് പിന്തുണയോടെയാണ്. പ്രത്യശാസ്ത്രപരമായി ആം ആദ്മി പാര്‍ട്ടിക്ക് ബിജെപിയോട് വിരോധമുണ്ടാകേണ്ട കാര്യമില്ലന്നും അദേഹം പറഞ്ഞു.!

കോണ്‍ഗ്രസ് രണ്ടു തിരഞ്ഞെടുപ്പുകളായി ഡല്‍ഹിയില്‍ വിജയിച്ചിട്ടില്ല. എന്നുകരുതി ആം ആദ്മി പാര്‍ട്ടിയുടെ ജൂനിയര്‍ പാര്‍ട്ണറായി കെജ്രിവാളിന്റെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അനുസരിച്ച് രാജ്യ തലസ്ഥാനത്ത് ഒതുങ്ങി കൂടാന്‍ അല്ല ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തി തിരിച്ചുവരാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുത്തത്.

ദേശീയതലത്തില്‍ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ബിജെപിക്ക് എതിരായി നിലകൊള്ളുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍ക്കൊള്ളിച്ച് ഇന്ത്യ മുന്നണിക്ക് നേതൃത്വം നല്‍കുമ്പോഴും രാജ്യത്തെ ഓരോ ഗ്രാമങ്ങളിലും പ്രവര്‍ത്തകരും വോട്ടും ഉള്ള കോണ്‍ഗ്രസ് പാര്‍ട്ടി സ്വയം ശക്തിപ്പെടുക എന്നുള്ളതും അനിവാര്യമാണ്.

അതിനുവേണ്ടിയുള്ള പ്രവര്‍ത്തന പാത സുഖകരമൊന്നുമാവില്ല എന്ന് ഞങ്ങള്‍ക്കറിയാം. കല്ലും മുള്ളും നിറഞ്ഞ ആ പാതയിലൂടെ മുന്നേറി രാജ്യത്തെ ജനാധിപത്യത്തെ കോണ്‍ഗ്രസ് വീണ്ടെടുക്കുക തന്നെ ചെയ്യും. കോണ്‍ഗ്രസ് ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയ്ക്ക് ബിജെപിക്കെതിരായ ദേശീയ ബദല്‍ നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലെ മതനിരപേക്ഷ വിശ്വാസികള്‍ പ്രതീക്ഷയോടെ നോക്കി കാണുന്ന ഏക പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് എന്ന പരിപൂര്‍ണ ബോധ്യമുണ്ട്.

ഇന്ത്യയിലും കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരിക തന്നെ ചെയ്യും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത് പതിറ്റാണ്ടുകള്‍ നീണ്ട സമര പോരാട്ടത്തിലൂടെയാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ അത്രയൊന്നും സമയം കോണ്‍ഗ്രസിന് വേണ്ടെന്നും അദേഹം പറഞ്ഞു.