സുരേന്ദ്രാ നാട്ടുകാരെ പറ്റിക്കുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തിക്കൂടെ; ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിലെ ജനങ്ങളുടെ വികാരത്തിന് പുല്ലുവിലയാണോ കല്‍പ്പിക്കുന്നതെന്ന് സന്ദീപ് വാര്യര്‍

ആഗോള നിക്ഷേപക സംഗമത്തില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുകൂലമായി നടത്തിയ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന ഘടകം നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍.

പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തോടൊപ്പം നില്‍ക്കുന്നു എന്ന് വരുത്തി തീര്‍ക്കുകയും പിറകില്‍ പിണറായി വിജയനോടൊപ്പം ജനവിരുദ്ധ പദ്ധതി നടപ്പാക്കാന്‍ ബിജെപി കൂട്ടുനില്‍ക്കുന്നു എന്നുമല്ലേ കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് അദേഹം ചോദിച്ചു.

അതോ ബിജെപിയുടെ കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തിന് പുല്ലുവിലയാണോ കല്‍പ്പിക്കുന്നത്?, സുരേന്ദ്രാ നാട്ടുകാരെ പറ്റിക്കുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തിക്കൂടെ?, പിണറായി വിജയനുമായി നിങ്ങള്‍ക്ക് അന്തര്‍ധാരയുണ്ട് എന്നുള്ളത് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോടെ വ്യക്തമായില്ലേയെന്നും അദേഹം ചോദിച്ചു.

സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ മുന്നോട്ട് വെച്ച കാസര്‍കോട് – തിരുവനന്തപുരം അതിവേഗ റെയില്‍ പദ്ധതി – സില്‍വര്‍ ലൈന്‍ – കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റേര്‍സ് സമ്മിറ്റ് കേരള 2025 പരിപാടിയില്‍ പറഞ്ഞിരുന്നു.

റെയില്‍വെ മന്ത്രാലയം ചില വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഇതിനുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും റെയില്‍വെ മന്ത്രി പറഞ്ഞു. പദ്ധതിയുമായി ജനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കണം. സംസ്ഥാനത്ത് നിന്ന് ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും റെയില്‍വെ മന്ത്രി വ്യക്തമാക്കിയിരുന്നു.