പാരിസ് എഐ സമ്മിറ്റില്‍ വച്ച് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹസ്തദാനത്തിനുള്ള ക്ഷണം നിരസിച്ച നടപടി രാജ്യത്തിന് അപമാനകരമാണെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഇത്രത്തോളം അവഹേളനം വിദേശ രാജ്യത്തലവനില്‍ നിന്നും നേരിടേണ്ടി വന്നിട്ടില്ല. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനുശേഷം ഒറ്റക്കുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ട് രാഷ്ട്രീയമായി ദുര്‍ബലനാണെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ പ്രതിനിധിയാണ്. ഇന്ത്യയുടെ നയതന്ത്ര രംഗത്തെ വലിയ വീഴ്ചയാണ് പ്രധാനമന്ത്രി അവഹേളിക്കപ്പെട്ടതിലൂടെ പുറത്തുവന്നത്. സംഭവിച്ചു കഴിഞ്ഞ കാര്യം പിന്നീട് മറ്റ് സന്ദര്‍ഭങ്ങളിലെ ഫോട്ടോ കൊണ്ടുവന്ന് ന്യായീകരിച്ചിട്ട് കാര്യമില്ല.
അമേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ച് അമേരിക്കന്‍ സൈനിക വിമാനത്തില്‍ ഇന്ത്യന്‍ എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്ന് തള്ളിയ സംഭവവും കേന്ദ്രസര്‍ക്കാര്‍ വിദേശ നയം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുന്നു. നെഹ്‌റുവിന്റെ വിദേശനയത്തെ അതിരൂക്ഷമായി വിമര്‍ശിക്കുമ്പോഴും ബിജെപി സര്‍ക്കാരിന് നെഹ്‌റു മുന്നോട്ടുവച്ച അതേ ചേരിചേരാ നയം തന്നെ വിവിധ വിഷയങ്ങളില്‍ പിന്തുടരേണ്ടി വരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.
ഉദാഹരണത്തിന് റഷ്യ ഉക്രൈന്‍ യുദ്ധത്തില്‍ സ്വീകരിക്കുന്ന നിലപാട് നെഹ്‌റു തുടങ്ങിവച്ച പരമ്പരാഗത വിദേശ നയത്തോട് തന്നെ ചേര്‍ന്ന് നില്‍ക്കുന്നതാണ്. പലസ്തീന്‍ പ്രശ്‌നത്തിലും വാചകക്കസര്‍ത്തിന് ഉപരിയായി ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ ബിജെപി സര്‍ക്കാരിന് ധൈര്യമില്ല. നെഹ്‌റു മുന്നോട്ടുവെച്ച സ്വതന്ത്ര പലസ്തീന്‍ രാജ്യമെന്ന നിലപാടില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായി മോദി സര്‍ക്കാരിന് ആവര്‍ത്തിക്കേണ്ടി വരുന്നുണ്ട്.
അതായത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തുടങ്ങിവച്ച വിദേശനയത്തെ വിമര്‍ശിക്കുമ്പോഴും പ്രധാന വിഷയങ്ങളില്‍ മറ്റൊരു സമീപനം കൈക്കൊള്ളാന്‍ നരേന്ദ്രമോദിക്ക് സാധിച്ചിട്ടില്ല.
അയല്‍ രാജ്യങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ശത്രുക്കളായി മാറുന്ന ദയനീയ സാഹചര്യവും മോദി സര്‍ക്കാരിന്റെ വിദേശ നയത്തിന്റെ വീഴ്ചയാണ്. ചൈനയുടെ കടന്നുകയറ്റം ചെറുക്കാന്‍ കഴിയുന്നില്ല. ബംഗ്ലാദേശില്‍ ഇന്ദിരാഗാന്ധി നടത്തിയത് പോലെ ഒരു ഇടപെടല്‍ നടത്താനുള്ള ധൈര്യം ഇന്ന് നരേന്ദ്രമോദിക്കില്ല.
Read more
വിദേശനയം എന്നത് വാചകമടി മാത്രമല്ല എന്ന് ബിജെപിക്കാര്‍ ഇപ്പോഴെങ്കിലും തിരിച്ചറിയുന്നുണ്ടാകണം. എക്കാലവും എതിര്‍ത്ത താലിബാനുമായി നയതന്ത്ര ചര്‍ച്ചയും നയതന്ത്ര ബന്ധവും ആരംഭിച്ചിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ഇതിലും വലിയ ഗതികേട് എന്താണ് ഇനി ആ പാര്‍ട്ടിക്ക് വരാനുള്ളതെന്ന് സന്ദീപ് വാര്യര്‍ ചോദിച്ചു.