ബിജെപിക്കാര്‍ വെറും ഉണ്ണാക്കന്‍മാര്‍; പിണറായിയും ബിജെപി കേന്ദ്ര നേതൃത്വവും തമ്മില്‍ അന്തര്‍ധാര; കേരളത്തില്‍ ബിജെപിക്ക് എന്‍ട്രി ഉണ്ടാക്കാന്‍ വിജയന്‍ സഹായിക്കുന്നുവെന്ന് സന്ദീപ് വാര്യര്‍

കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പതിവുകള്‍ തെറ്റിയുള്ളതാണെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ അന്വേഷണം നടക്കുമ്പോള്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ ചുമതലയുള്ള നിര്‍മല സീതാരാമന്‍ കേരള ഹൗസിലേക്ക് പോയി മുഖ്യമന്ത്രിയെ കണ്ടത് ദുരൂഹമാണെന്ന് ആരോപിച്ചത് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവല്ലെന്നും മറിച്ച് ബി.ജെ.പി നേതാവും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസാണ്. അതുകൊണ്ടു തന്നെ ആരോപണം കൂടുതല്‍ ഗൗരവതരമാണെന്നാണ് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ വെറും ഉണ്ണാക്കന്മാരാക്കി കുറേക്കാലമായി ബിജെപി കേന്ദ്ര നേതൃത്വവും പിണറായി വിജയനും തമ്മില്‍ അന്തര്‍ധാരയുണ്ട്. സ്വര്‍ണ്ണക്കടത്ത്‌കേസ് മുതല്‍ എസ് എന്‍ സി ലാവലിനും , കരുവന്നൂര്‍ കേസും ലൈഫ് മിഷനും മാസപ്പടിക്കേസും എല്ലാം ബിജെപി നേതൃത്വം സിപിഎമ്മിന് വേണ്ടി അട്ടിമറിച്ചു. പകരം ബിജെപിക്ക് കേരളത്തില്‍ എന്‍ട്രി ഉണ്ടാക്കാന്‍ പിണറായി വിജയനും സഹായിക്കുന്നുവെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ അന്വേഷണം നടക്കുമ്പോള്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ ചുമതലയുള്ള നിര്‍മ്മല സീതാരാമന്‍ കേരള ഹൗസിലേക്ക് പോയി മുഖ്യമന്ത്രിയെ കണ്ടത് ദുരൂഹമാണെന്ന് ആരോപിച്ചത് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവല്ല , മറിച്ച് ബിജെപി നേതാവും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസാണ് . അതുകൊണ്ടു തന്നെ ആരോപണം കൂടുതല്‍ ഗൗരവതരമാണ്.
ആര്‍എസ്എസ് പ്രതിനിധി കൂടിയായ ഗവര്‍ണറും ഈ അസാധാരണ കൂടികാഴ്ചയില്‍ പങ്കെടുത്തിട്ടുണ്ട്.

കേന്ദ്രമന്ത്രിമാര്‍ അങ്ങോട്ട് പോയി മുഖ്യമന്ത്രിയെ കാണുന്ന പതിവില്ല . അതും നിര്‍മ്മല സീതാരാമന്‍ തെറ്റിച്ചിരിക്കുന്നു . കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ വെറും ഉണ്ണാക്കന്മാരാക്കി കുറേക്കാലമായി ബിജെപി കേന്ദ്ര നേതൃത്വവും പിണറായി വിജയനും തമ്മില്‍ അന്തര്‍ധാരയുണ്ട്. സ്വര്‍ണ്ണക്കടത്ത്‌കേസ് മുതല്‍ എസ് എന്‍ സി ലാവലിനും , കരുവന്നൂര്‍ കേസും ലൈഫ് മിഷനും മാസപ്പടിക്കേസും എല്ലാം ബിജെപി നേതൃത്വം സിപിഎമ്മിന് വേണ്ടി അട്ടിമറിച്ചു.

പകരം ബിജെപിക്ക് കേരളത്തില്‍ എന്‍ട്രി ഉണ്ടാക്കാന്‍ പിണറായി വിജയനും സഹായിക്കുന്നു.
ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിക്കുക പോലും ചെയ്യാതെയാണ് ആര്‍എസ്എസിന്റെ ഓമന പുത്രന്‍ നിതിന്‍ ഗഡ്കരി ക്ലിഫ് ഹൗസില്‍ വന്ന് കുടുംബസമേതം താമസിച്ച് പിണറായി വിജയന്റെ ശാപ്പാടും അടിച്ചു പോയത്.

Read more

ബിജെപി സംസ്ഥാന നേതൃത്വം എതിര്‍ക്കുകയും സമരം ചെയ്യുകയും ചെയ്ത സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വരെ കേന്ദ്രസര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
കെ ടി ജയകൃഷ്ണനെയും പന്ന്യന്നൂര്‍ ചന്ദ്രനെയും വാടിക്കല്‍ രാമകൃഷ്ണനെയും രമിത്തിനെയും പോലുള്ള നൂറിലധികം ബലിദാനികളുടെ ചോരയില്‍ ചവിട്ടി നിന്നാണ് ബിജെപി സിപിഎം ബാന്ധവം കേരളത്തില്‍ രൂപം കൊണ്ടിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രന് ജേക്കബ് തോമസിന്റെ ആരോപണത്തോട് എന്താണ് മറുപടി പറയാനുള്ളത് ?