പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശം നടത്തിയ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള നമ്മുടെ ജനാധിപത്യത്തെയാണ് അപഹസിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. ലോക്‌സഭയില്‍ ഒരു കാരണവുമില്ലാതെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സ്പീക്കര്‍ വ്യക്തിപരമായി അവഹേളനം ചെയ്യുന്നതാണ് കഴിഞ്ഞദിവസം കണ്ടത്.
പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം സംബന്ധിച്ച് പരാമര്‍ശം നടത്താന്‍ വേണ്ടി മാത്രം സഭക്കകത്തു കയറിവന്ന് വിമര്‍ശനം നടത്തിയതിനുശേഷം മറുപടി പറയാനുള്ള അവസരം പോലും നല്‍കാതെ സഭ പിരിച്ചുവിട്ട് ഇറങ്ങിപ്പോയ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള നമ്മുടെ ജനാധിപത്യത്തെയാണ് അപഹസിക്കുന്നത്.
എന്ത് കാരണം കൊണ്ടാണ് സ്പീക്കര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ചതെന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല. ബിജെപി ഐടി സെല്‍ മേധാവി അമിത മാളവ്യ പുറത്തുവിട്ട വീഡിയോ ആണ് സ്പീക്കറുടെ പ്രകോപനത്തിന് എന്താണ് കാരണം എന്ന് ബോധ്യപ്പെടുത്തിയത്. സഭയ്ക്കകത്തേക്ക് കയറിവരുന്ന രാഹുല്‍ ഗാന്ധി അവിടെ ഇരിക്കുന്ന സഹോദരി പ്രിയങ്കാ ഗാന്ധിയുടെ കവിളത്ത് സ്‌നേഹത്തോടെ സ്പര്‍ശിക്കുന്ന ഒരു രംഗമാണ് ബിജെപി പുറത്തുവിട്ടത്. എന്താണ് അതില്‍ തെറ്റുള്ളത് എന്ന് മനസ്സിലാകുന്നില്ല .
പാര്‍ലമെന്റ് എന്ന് പറയുന്നത് കേവലം ഒരു കോണ്‍ക്രീറ്റ് നിര്‍മ്മിതി മാത്രമാണോ ? ഭരണഘടന കേവലം വകുപ്പുകളും ചട്ടങ്ങളും ഒക്കെ രേഖപ്പെടുത്തിയ ഒരു പുസ്തകം മാത്രമാണോ ? ആത്യന്തികമായി മാനുഷിക വികാരങ്ങള്‍ക്ക് ഈ രാജ്യത്ത് ഒരു വിലയുമില്ലേ? ഒരു സഹോദരന് സഹോദരിയോട് പാര്‍ലമെന്റിനകത്ത് സ്‌നേഹത്തോടെ പെരുമാറാന്‍ പാടില്ലേ? അത് തടയുന്ന എന്ത് നിയമമാണ് ഈ രാജ്യത്തുള്ളത് ? ഇനി അങ്ങനെ ഒരു നിയമം ഉണ്ടെങ്കില്‍ തന്നെ അത് ശരിയാണോ ? മാനുഷിക വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത മനുഷ്യര്‍ എങ്ങനെയാണ് ഈ രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് വേണ്ടി നിയമനിര്‍മ്മാണം നടത്താന്‍ പോകുന്നതെന്നും അദേഹം ചോദിച്ചു.
നിങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെ എതിര്‍ക്കാം , കളിയാക്കാം, ആക്ഷേപിക്കാം. പക്ഷേ അതിനപ്പുറം നിങ്ങള്‍ ആ ദൃശ്യം ഒന്ന് കണ്ടു നോക്കൂ.. എത്ര ഹൃദയസ്പര്‍ശിയാണ്. ഒരു സഹോദരന്‍ സഹോദരിയുടെ കവിളത്ത് സ്‌നേഹത്തോടെ തലോടുന്ന ദൃശ്യം. അത് മനസ്സിലാകണമെങ്കില്‍ മനുഷ്യനാകണം. അമിത്ഷാ ആയിട്ട് കാര്യമില്ലന്നും അദേഹം പറഞ്ഞു.
ലോകസഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മര്യാദയോടെ പെരുമാറണമെന്ന് സ്പീക്കര്‍ ഓം ബിര്‍ലയുടെ താക്കീത് ചെയ്തിരുന്നു. സഭ സമ്മേളിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി സീറ്റില്‍ നിന്നും എഴുന്നേറ്റ് സഹോദരിയും വയനാട് എംപിയുമായ പ്രിയങ്കയുടെ അടുത്തെത്തി കവിളില്‍ തലോടിയതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.
പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ പല അംഗങ്ങളും മരാദ്യയോടെ പെരുമാറുന്നില്ല. അച്ഛനും മകളും, അമ്മയും മകളും, ഭര്‍ത്താവും ഭാര്യയുമെല്ലാം സഭയില്‍ അംഗങ്ങളായിട്ടുണ്ട്. അവരെല്ലാം മര്യാദ പാലിച്ചാണ് സഭയില്‍ പെരുമാറിയിട്ടുള്ളത്. ഇവരോടുള്ള സ്നേഹ പ്രകടനത്തിനുള്ള വേദിയല്ലിത്. പ്രതിപക്ഷ നേതാവ് ചട്ടപ്രകാരമുള്ള മര്യാദ സഭയില്‍ പാലിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.
അതേസമയം, സ്പീക്കര്‍ ഓം ബിര്‍ല ലോക്സഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് മരാദ്യയോടെ പെരുമാറുന്നില്ലെന്ന സ്പീക്കറുടെ പരാമര്‍ശത്തിനു പിന്നാലെ മാധ്യമങ്ങളോടായിരുന്നു രാഹുലിന്റെ പ്രതികരണം. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മറുപടി പറയാനുണ്ടെന്ന് അറിയിച്ചെങ്കിലും കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ സ്പീക്കര്‍ സഭയില്‍നിന്ന് പോയി.
Read more
അനാവശ്യമായി സഭ പിരിച്ചുവിട്ട് അദ്ദേഹം മടങ്ങി. എപ്പോഴൊക്കെ എഴുന്നേല്‍ക്കുമ്പോഴും, എനിക്ക് സംസാരിക്കാന്‍ അനുമതി ലഭിക്കാറില്ല. കഴിഞ്ഞ ഏഴെട്ടു ദിവസമായി ഒരക്ഷരം മിണ്ടാന്‍ എന്നെ അനുവദിച്ചിട്ടില്ല. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തിന് അവസരം നിഷേധിക്കുക. പ്രധാനമന്ത്രി കുംഭമേളയുടെ വിജയത്തേക്കുറിച്ച് സംസാരിച്ച ദിവസം എനിക്കും സംസാരിക്കാനുണ്ടായിരുന്നു. തൊഴിലില്ലായ്മയെ കുറിച്ചായിരുന്നു അത്. എന്നാല്‍ അനുവദിച്ചില്ല. തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്’ രാഹുല്‍ ഗാന്ധി ആരോപിച്ചു.