അനില്‍ നമ്പ്യാര്‍ ഏഷ്യാനെറ്റില്‍; നമസ്‌തേ മിത്രങ്ങളെയെന്ന് പറഞ്ഞ് സിന്ധു സൂര്യകുമാര്‍ ജനത്തില്‍; രാജീവ് ബിജെപി അധ്യക്ഷനായതോടെ മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങി; പരിഹസിച്ച് കോണ്‍ഗ്രസ്

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതോടെ ഏഷ്യാനെറ്റ് ന്യൂസിലെപ്രധാനപ്പെട്ട മാധ്യമ പ്രവര്‍ത്തകരെല്ലാം പ്രതിസന്ധിയിലായെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. ഏഷ്യാനെറ്റ് ന്യൂസിലെപ്രധാനപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ ക്രെഡിബിലിറ്റി ഉള്ളവരും പ്രൊഫഷണലുകളും ആണ്.

അവര്‍ പുലര്‍ത്തിയ നൈതികതയും നിഷ്പക്ഷതയും ആണ് ആ ചാനലിനെ ഒന്നാം നമ്പര്‍ ചാനലായി കേരളത്തില്‍ നിലനിര്‍ത്തിയത്. എന്നാല്‍ ഇന്നലെ മുതല്‍ ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ വല്ലാത്ത പ്രതിസന്ധിയിലാണ് എന്ന് മനസ്സിലാകുന്നു. സ്വന്തം അസ്തിത്വവും അഭിമാനവും പണയം വെച്ച് മുതലാളിയുടെ രാഷ്ട്രീയ കുഴലൂത്തുകാരായി മാറണോ അതോ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോരണോ എന്ന് തീരുമാനിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അവരുള്ളത്.

പെട്ടെന്ന് ഇറങ്ങി പോന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അപകടത്തിലാവും എന്ന് അറിയാം. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ പാനല്‍ തന്നെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും മുതലാളിയെ നോവിക്കാതെയുള്ള പാനലാണ് ന്യൂസ് അവറില്‍ വന്നത്. ഒരുതരത്തിലുള്ള വിമര്‍ശനവും വരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു.

ഇതുതന്നെയാണ് ഏഷ്യാനെറ്റ്‌ലെ പ്രധാന മാധ്യമ പ്രവര്‍ത്തകര്‍ നേടാന്‍ പോകുന്ന വെല്ലുവിളി. ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ച നിഷ്പക്ഷതയും പ്രൊഫഷണലിസവും കൈവിടേണ്ടിവരുന്ന സന്ദര്‍ഭമാണ്. അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്.. നില്‍ക്കണോ പോണോയെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Read more

കഴിഞ്ഞ ദിവസവും അദേഹം ഏഷ്യാനെറ്റിനെതിരെ വിമര്‍ശനം നടത്തിയിരുന്നു. രാവിലെ
ടിവി വച്ച് നോക്കിയപ്പോള്‍ അനില്‍ നമ്പ്യാര്‍ ഏഷ്യാനെറ്റില്‍ വാര്‍ത്ത വായിക്കുന്നു. സിന്ധു സൂര്യകുമാര്‍ ജനം ടിവിയില്‍ നമസ്‌തേ മിത്രങ്ങളെ എന്ന് പറയുന്നു. ഞെട്ടിയുണര്‍ന്നു. പുലര്‍ച്ചെ കണ്ട സ്വപ്നം ഫലിക്കുമെന്നാണെന്നും അദേഹം സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചിരുന്നു.