'പ്രശാന്ത് ശിവൻ കൊലക്കേസിലെ പ്രതി, സഹപ്രവർത്തകൻറെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്റെ പേരാണ് സംഘപരിവാർ'; കുറിപ്പുമായി സന്ദീപ് വാര്യർ

സഹപ്രവർത്തകന്റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്റെ പേരാണ് സംഘപരിവാർ എന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവൻ കൊലക്കേസിലെ പ്രതിയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഏതു കൊലപാതക കേസിലെ പ്രതിയാണ് എന്നറിയാമോ? എന്ന ചോദ്യത്തിലാണ് സന്ദീപ് വാര്യർ കുറിപ്പ് ആരംഭിക്കുന്നത്. ആർഎസ്എസിന്റെ പ്രവർത്തകനായിരുന്ന സ്വയംസേവകനായിരുന്ന അലക്സിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് പ്രശാന്ത് ശിവൻ എന്ന് സന്ദീപ് വാര്യർ കുറിച്ചു. ആർഎസ്എസിന്റെ അന്നത്തെ ജില്ലാ പ്രചാരകനുമായി വാക്കുതർക്കം ഉണ്ടായി എന്നുള്ള പേരിലാണ് ആർഎസ്എസ് ഈ കൊലപാതകം നടത്തിയതെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘ബിജെപിയുടെ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഏതു കൊലപാതക കേസിലെ പ്രതിയാണ് എന്നറിയാമോ ? ആർഎസ്എസിന്റെ ഒന്നാന്തരം പ്രവർത്തകനായിരുന്ന, സ്വയംസേവകനായിരുന്ന അലക്സിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്ന കേസിൽ പ്രതിയാണ് ഈ മഹാൻ. ആർഎസ്എസിന്റെ അന്നത്തെ ജില്ലാ പ്രചാരകനുമായി വാക്കുതർക്കം ഉണ്ടായി എന്നുള്ള പേരിലാണ് ആർഎസ്എസ് ഈ കൊലപാതകം നടത്തിയത്. ആർഎസ്എസിന് അകത്തെ ആഭ്യന്തര തർക്കം മൂലം സജീവ ആർഎസ്എസ് പ്രവർത്തകനെ തന്നെ വെട്ടി കൊന്ന കേസിലെ പ്രതിയാണ് ബിജെപിയുടെ ജില്ലാ പ്രസിഡണ്ട്. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയ കേസല്ല, അതല്ലെങ്കിൽ രാഷ്ട്രീയ എതിരാളികൾ തെറ്റായി പ്രതിചേർത്തതുമല്ല, സ്വന്തം സംഘടനയിലെ സഹപ്രവർത്തകനെ കൊന്ന കേസാണ്. അലക്സ് ആർഎസ്എസിന് ആരായിരുന്നു എന്ന് പാലക്കാട്ടെ പ്രവർത്തകർക്കറിയാം. സഹപ്രവർത്തകന്റെ നെഞ്ചിലേക്ക് കഠാര ഇറക്കാൻ മടിയില്ലാത്ത പ്രത്യയശാസ്ത്രത്തിന്റെ പേരാണ് സംഘപരിവാർ.’

Read more