പത്മ ഭൂഷണ്‍ നിരസിച്ച പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. പത്മ അവാര്‍ഡ് നിഷേധിക്കുന്ന ആദ്യ വ്യക്തിയല്ല ബുദ്ധദേവ് ചൈനയോ ക്യൂബയോ നല്‍കുന്ന പിഞ്ഞാണമായിരുന്നെങ്കില്‍ ഉളുപ്പില്ലാതെ വാങ്ങുമായിരുന്നലോ എന്ന് സന്ദീപ് ഫെയ്‌സ്ബുക്കില്‍ പരിഹസിച്ചു.
‘പത്മ അവാര്‍ഡ് നിഷേധിക്കുന്ന ആദ്യ വ്യക്തിയല്ല ബുദ്ധദേവ് ഭട്ടാചാര്യ. സുകുമാര്‍ അഴീക്കോടും പത്മ അവാര്‍ഡ് തിരസ്‌കരിച്ചിട്ടുണ്ട്. പക്ഷെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുന്‍ മുഖ്യമന്ത്രി രാഷ്ട്രത്തെ അവഹേളിക്കുന്ന നിലപാട് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കില്‍ ഉളുപ്പില്ലാതെ വാങ്ങിയേനെ’ സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പത്മഭൂഷണ്‍ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് പുരസ്‌കാരം നിരസിക്കുന്നതായി ബുദ്ധദേവ് അറിയിച്ചത്. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ബുദ്ധദേവിനെ ഉദ്ധരിച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘നിലവില്‍ എനിക്ക് പത്മ പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ അത്തരമൊരു വാര്‍ത്ത ശരിയാണെങ്കില്‍ ഞാന്‍ പുരസ്‌കാരം നിരസിക്കുകയാണ്’ ബുദ്ധദേവിനെ ഉദ്ധരിച്ച് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിംഗ്, ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ല, സുചിര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല എന്നിവര്‍ക്കാണ് ബുദ്ധദേവിന് പുറമേ പത്മഭൂഷണ്‍ ലഭിച്ചത്.